വിദേശത്തെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിന് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'സ്റ്റഡി ഇന്‍ ഇന്ത്യ' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു.
പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണികള്‍ നടത്തുമെന്നും ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപവത്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ചുവര്‍ഷം മുമ്പ് ആഗോള റാങ്കില്‍ ആദ്യ 200ല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലും ഇടം നേടിയിരുന്നില്ലെന്നും ഇത്തവണ മൂന്ന് സ്ഥാപനങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ബോംബെ, ഡല്‍ഹി ഐഐടികള്‍ക്ക് പുറമേ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സുമാണ് ഇത്തവണ ക്യൂ.എസ് റാങ്കിങില്‍ ആദ്യ 200ല്‍ ഇടം നേടിയത്. ലോകോത്തര സ്ഥാപനങ്ങളുടെ വികസനത്തിനായി 2019-20 വര്‍ഷം 400 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.