ന്യൂഡല്‍ഹി: കനത്ത മഴയും പൊടിക്കാറ്റും ഡല്‍ഹിയെ വലയ്ക്കുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും മരങ്ങള്‍ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 50-70 കിലോമീറ്റര്‍ വേഗതയിലാണു കാറ്റു വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മെട്രോ സര്‍വീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളില്‍ സര്‍വീസുകള്‍ അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചതായാണു റിപ്പോര്‍ട്ടുകള്‍. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച ഡല്ഹിയടക്കക്കം 13 സംസ്ഥാനങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശിയിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി. ഈ മാസം തുടക്കത്തില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റിലും മഴയിലും നൂറിലധികം പേര് മരിച്ചിരുന്നു.