കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചുലക്കിയ സംഭവമായിരുന്നു രാജ്യസഭാ സീറ്റ് വിവാദം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന്റെ ക്ഷീണംമാറുന്നതിന് മുമ്ബാണ് രാജ്യസഭാ സീറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. പാര്‍ട്ടിയിലെ പലനേതാക്കളും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നു.മുന്‍കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമാണ് നേതൃത്വത്തിനെതിരെ നടത്തിയത്.
പരസ്യ അഭിപ്രായപ്രകടനങ്ങള്‍ വിലക്കിക്കൊണ്ടുള്ള തീരുമാനം എടുത്ത യോഗത്തിന് ശേഷം പുറത്ത് വന്ന് നേതാക്കളുടെ നയങ്ങള്‍ക്കെതിരേയും ഗ്രൂപ്പുകള്‍ക്കെതിരേയും വിഎം സുധീരന്‍ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് പരസ്യമായ വിഴുപ്പലക്കലുകള്‍ ഉണ്ടായില്ലെങ്കിലും ഇന്ന നടക്കുന്ന കെപിസിസ നിര്‍വാഹക സമിതി യോഗത്തിലേക്ക് വിഎം സുധീരനേയും കെ മുരളീധരനേയും ക്ഷണിക്കാത്തത് പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഇന്ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിലേക്ക് മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വിഎം സുധീരനും കെ മുരളീധരനും ക്ഷണിച്ചിട്ടില്ല. മുന്‍ കെ പി സി സി അധ്യക്ഷന്‍മാര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഫോറങ്ങളിലും അംഗങ്ങളായിരിക്കേയാണ് ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ക്ഷണം ഇല്ലാത്തത്.
കെപിസിസി ഭാരവാഹികളുടേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും ഡിസിസിസി അധ്യക്ഷന്‍മാരുടേയും സംയുക്ത് യോഗമാണ് ഇന്ന് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി ഫോറങ്ങളിലും അംഗങ്ങള്‍ ആയത് കൊണ്ട് തന്നെ എല്ലാ യോഗത്തിലും പങ്കെടുത്ത് സംസാരിക്കാന്‍ വിഎം സുധീരനും കെ മുരളീധരനും അവകാശം ഉണ്ട്.
എന്നാല്‍ ഇന്ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും ഡിസിസി അധ്യക്ഷന്‍മാരുടേയും സംയുക്ത യോഗത്തിലേക്ക് ഇരുവരേയും വിളിക്കാന്‍ നേതൃത്വം തയ്യാറാവാതിരിക്കുകയായിരുന്നു. മുന്‍യോഗങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച നേതാക്കളായിരുന്നു വിഎം സുധീരനും കെ മുരളീധരനും.
സുധീരനേയും മുരളീധരനേയും ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഒരു വിഭാഗം നേതാക്കളും അണികളുംഇതിനോടകം തന്നെ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിനെ അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണോ ഇരുവരേയും ഒഴിവാക്കിയതിന് പിന്നിലെന്ന സംശയത്തിന് ഇടവരുത്തുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.