കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
സുഗതകുമാരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെ ഊഷ്‌മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതല്‍. സ്‌നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയര്‍ത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങള്‍. വനനശീകരണത്തിനെതിരെ ശബ്ദമയുര്‍ത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികള്‍ക്ക് അമ്മയുമായി. അവര്‍ക്കായി സ്ഥാപിച്ച 'അഭയ' ആശ്രയമില്ലാത്ത സ്‌ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയകേന്ദ്രമാണ്.
വൃക്ഷമിത്ര പുരസ്‌കാരം ലഭിച്ച സുഗതകുമാരിക്ക് 1986 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉപഹാരം നല്‍കുന്നു. സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാര്‍ത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തളിര് മാസിക പത്രാധിപര്‍, സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്‌ഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു.
സുഗതകുമാരി സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങള്‍ നേടി. 2006 ല്‍ പത്മശ്രീയും 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ െ്രെപസ്, പി.കേശവദേവ് പുരസ്‌കാരം, കെ.ആര്‍. ചുമ്മാര്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, തോപ്പില്‍ഭാസി പുരസ്‌കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.
സഹോദരിമാരായ സുജാതാദേവി, ഹൃദയകുമാരി എന്നിവരോടൊപ്പം സുഗതകുമാരി. മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്‌ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവല്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.