ശ്രീനഗർ∙ സുൻജ്വാൻ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ ലേത്പോറ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണു സുന്‍ജ്വാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ സൈന്യം വധിച്ചത്. കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ ചേർന്നു സംയുക്തമായാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 10നാണ് സുന്‍ജുവാന്‍ ഭീകരാക്രമണം നടന്നത്. സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ സംഘം ആറു സൈനികര്‍ അടക്കം ഏഴു പേരെ കൊലപ്പെടുത്തി. നുഴഞ്ഞുകയറിയ 3 ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു.
വഖാസിന്റെ മുന്‍ഗാമി നൂര്‍ മൊഹമ്മദ് താന്ത്രിയെയും കഴിഞ്ഞ ഡിസംബറില്‍ സൈന്യം വകവരുത്തിയിരുന്നു. മുഫ്തി വഖാസില്‍ നിന്ന് നിരവധി ആയുധങ്ങളും സൈന്യം കണ്ടെത്തിയതായി കശ്മീര്‍ ഐജി എസ്.പി.പാനി അറിയിച്ചു.