ഡാളസ്: കഴിഞ്ഞ എട്ടുവർഷമായി സണ്ണി വെയ്തൽ സിറ്റിയുടെ കൗൺസിലറായും പ്രോ - ടെം മേയർ ആയും പ്രവർത്തിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ സജി ജോർജിന്റെ മെയ് അഞ്ചിനു നടക്കുന്ന സണ്ണി വെയ്തൽ സിറ്റി മേയർ തെരഞ്ഞെടുപ്പിലെ വിജയം മലയാളികൾക്ക് എന്നും അഭിമാനിക്കാൻ വകനല്കുന്നതാണ്.
ഡാലസിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ആയിരിക്കും സജി ജോർജിന്റെ വിജയത്തിലൂടെ മലയാളികൾക്ക് ലഭിക്കുന്നത്. എല്ലാ മലയാളികളും ഒറ്റകെട്ടായി എല്ലാം മറന്ന് സജി ജോർജിന്റെ വിജയത്തിനായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ഡാളസിലെ എല്ലാ മലയാളി സംഘടനാ നേതാക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം 28 വർഷം മുമ്പ് കുടിയേറിയ സജി ടെക്സസ് ടെക് യുണിവേഴ്സിറ്റിയിൽ നിന്നും എൻജീനിയറിംഗിൽ മാസ്റ്റർ ബിരുദവും, സതേൺ മെതഡിസ് യുണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനു ശേഷം അമേരിക്കയിലെ ഡിഫൻസ് കോൺട്രാക്റ്റിംഗ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർ എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുന്നു. ഭാര്യ ജയാ ജോർജ്, മക്കൾ ആനി ജോർജ് (യു.ടി ഓസ്റ്റിൻ), ആൻഡു ജോർജ് (ടെക്സസ്. ടെക്).
സണ്ണി വെയ്തൽ സിറ്റി മേയർ തെരഞ്ഞെടുപ്പ് ഈതവണ വാശിയേറിയ ത്രികോണ മത്സരമാണ്. സജി ജോർജിനെ കൂടാതെ കാരൻഹിൽ, മൈക്കിൾ ഗോർഡാനോ എന്നിവരും മത്സരിക്കുന്നു. മലയാളികൾ കൂടുതൽ പാർക്കുന്ന ഈ സിറ്റിയിൽ ശക്തമായ കാമ്പയിൻ നീക്കം ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നവർ നടത്തിക്കൊണ്ടിരിക്കുന്നത്.
വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും മേയർ സ്ഥാനാർഥിയായ സജി ജോർജ് ആവിശ്യപെട്ടു