ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്.
ഇന്നലെ ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയത് കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. മാത്രമല്ല ഓര്‍ഡിനന്‍സ് റദ്ദാക്കുകയും ചെയ്തു.
പ്രവേശനം ആദ്യമേ സുപ്രീം കോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്‍മേല്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് ഐകകണ്ഠ്യേന ഇന്നലെ കോളേജുകളുടെ പ്രവേശനം അംഗീകരിച്ച് ബില്ല് പാസാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. വിദ്യാര്‍ഥികളുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിയമ ലംഘനത്തിന് കൂട്ട് നില്‍ക്കുന്നുവെന്ന് നേരത്തേയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ അത് ഗൗരവമേറിയ വിഷയമാവുമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.