ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കിയ ദര്‍ശനരേഖ അത്ഭുതപ്പെടുത്തു'ന്നതെന്ന് സുപ്രീം കോടതി. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുമായി കൂടിയാലോചന നടത്താതെ തയാറാക്കിയ ദര്‍ശന രേഖയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ഉത്തരവാദിത്വങ്ങളില്‍ നിന്നു കൈകഴുകി പോകാനുള്ള ശ്രമമാണെന്നും ജസ്റ്റീസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പുരാവസ്തു വകുപ്പുമായി കൂടിയാലോചനയില്ലാതെ ഉണ്ടാക്കിയ ദര്‍ശനരേഖയുടെ വൈകല്യങ്ങള്‍ പരിശോധിക്കാനല്ല തങ്ങള്‍ ഇവിടെയിരിക്കുന്നതെന്നും രണ്ടംഗ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോടു പറഞ്ഞു. സംരക്ഷിക്കാനാകില്ലെങ്കില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ പൊളിച്ചുകളയണമെന്നു കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദര്‍ശനരേഖ സമര്‍പ്പിച്ചത്.