• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം: പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിലുള്ള നാമജപയാത്രയില്‍ ജനരോഷം അലയടിക്കുന്നു, പ്രതിഷേധ സംഗമത്തില്‍ അണിനിരന്ന് സ്ത്രീകളടക്കമുള്ള ആയിരങ്ങള്‍

പന്തളം: ( 02.10.2018) ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ പന്തളത്ത് സംഘടിപ്പിച്ച നാമജപയാത്രയില്‍ നിരവധി സ്ത്രീകളടക്കം ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പന്തളം മെഡിക്കല്‍ മിഷന്‍ പരിസരത്ത് നിന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും പരിപാടിയില്‍ പങ്കെടുത്തു.

വൈകിട്ട് നാലുമണിയോടെയാണ് നാമജപയാത്ര ആരംഭിച്ചത്. വലിയതോതിലുള്ള ജനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. മഴയെ അവഗണിച്ച്‌ ആയിരക്കണക്കിന് ആളുകള്‍ ഈ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച്‌ ഒരുസംഘടനയുടേയും ആഹ്വാനപ്രകാരമല്ല പ്രതിഷേധ സമരമെങ്കിലും പന്തളം കൊട്ടാരം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. .

വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപം പൊതുസമ്മേളനവും സംഘടിപ്പിക്കും. പ്രശ്‌നത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പമ്ബയില്‍ നാമജപ യജ്ഞം സംഘടിപ്പിച്ചു. .

കൊച്ചി വൈറ്റിലയില്‍ ശബരിമല സംരക്ഷണ സമിതി നടത്തിയ ദേശീയപാത ഉപരോധത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. അതേസമയം തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ജീവന്‍ കെടുത്തും വിശ്വാസം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു

Top