സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി വിധിച്ചു.ചീഫ് ജസ്റ്റിസ് രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.അതേ സമയം രണ്ട് ജഡ്‌ജിമാര്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതി. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. അതേ സമയം ആര്‍ടിഐയെ സുപ്രീം കോടതിയെ നിരീക്ഷിക്കാനുള്ള ഉപകരമാക്കരുതെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് തന്നെ വിധി പറഞ്ഞു എന്ന പ്രത്യേകതയും ഈ വിധിക്കുണ്ട്.
ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2007ല്‍ സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി രജിസ്‌ട്രിയില്‍ ആര്‍ടിഐ അപേക്ഷ നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയില്‍ വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്‌ട്രി നല്‍കിയ മറുപടി. ഇതിനെതിരെയായിരുന്നു ഡല്‍ഹി ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധി. ഇതിനെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നല്‍കിയ കേസിലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.