തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
`തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളതല്ല. തിരഞ്ഞെടുപ്പില്‍ ചട്ടം ലംഘിക്കുന്നുണ്ടോ, മത വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടോ, എന്നതൊക്കെയാണ് തിരഞ്ഞൈടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്നതെന്നും ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കമ്മീഷന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഏത് നിയമമാണ് കമ്മിഷന്‍ ആധാരമാക്കുന്നതെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്‌ണന്‍ ചോദിച്ചു. ശബരിമല വിഷയം മാത്രമായി തിരത്തെടുപ്പ് കമ്മീഷന്‍ പറയുന്നതില്‍ ദുരൂഹതയുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ അറിയിച്ചതാണ് കേരളത്തില്‍ വിവാദത്തിന് തിരി കൊളുത്തിയത്.
മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.