അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്‌തത്. അതു ചെയ്‌തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും.
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടര്‍ സ്ഥാനാര്‍ഥിക്കു നോട്ടിസ് നല്‍കിയത്. കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വര്‍ഗത്തിനുള്ള തന്റെ മറുപടിയാണ്. അവര്‍ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്‌ക്ക് അവര്‍ പറഞ്ഞ ഭാഷയില്‍തന്നെ മറുപടി നല്‍കേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്. അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
കഴിഞ്ഞദിവസം തൃശൂരിലെ എന്‍.ഡി.എ. കണ്‍വെന്‍ഷനിടെയായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്. സംഭവത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചത്. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നും ഊളയെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഏറെ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും. സുരേഷ് ഗോപി പറഞ്ഞു.