തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എംപി ഹെലികോപ്റ്ററില്‍ പറന്നിറങ്ങി, നൂറുകണക്കിനു പ്രവര്‍ത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശോഭാ സിറ്റിയിലെ ഹെലിപാഡില്‍ എത്തിയ അദ്ദേഹത്തെ ജില്ലാ നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് കാറില്‍ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നല്കാന് തിരിച്ചു.
പുഴയ്ക്കലില്‍ കാത്തുനിന്ന അണികളെ കൈവീശി കാണിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കലക്ടറേറ്റിലെത്തി. നടന് ദേവന് ഒപ്പമുണ്ടായിരുന്നു. ആര്‍ഡിഒ എന്‍.കെ.കൃപയ്ക്ക് പത്രിക നല്കുമ്പോള് സമയം 12.15. പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങുമ്പോള്‍ കലക്ടറേറ്റിലെ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും കാത്തു നില്‍പ്പുണ്ടായിരുന്നു. അഞ്ചു മിനിറ്റ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്പില് മറുപടി ആക്ഷന്‍. പുറത്തിറങ്ങുമ്പോള്‍ മൊബൈല്‍ ക്യാമറകള്‍ മിന്നി. കലക്ടറേറ്റിനു മുന്പില് ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ചു സ്വീകരിച്ചു. കൈവീശി കാണിച്ച് അഭിവാദ്യം അര്‍പ്പിച്ച് തിരികെ കാറിലേക്ക്.