ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയായി വീണ്ടും സര്‍വ്വേ ഫലം. ഇന്ധനവില വര്‍ധനയും തൊഴിലില്ലായ്മയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ബിജെപിക്കെതിരെ തിരിഞ്ഞ് കൊത്തുമ്പോഴാണ് രാജ്യത്തെ യുവാക്കളും സര്‍ക്കാരിനെ കൈവിട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പില്‍ 13 കോടി പുതിയ വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലേക്കെത്തുക. പുതിയ സര്‍വ്വേ ഫലം പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നാണ് ചിലരുടെ വിമര്‍ശനം.
സര്‍വ്വേ
ഇന്ത്യാ ടുഡേ സര്‍വ്വേയിലാണ് മോദി സര്‍ക്കാരിനെ യുവാക്കള്‍ കൈവിട്ടെന്ന് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന കണക്കുകളാണ് സര്‍വ്വേയില്‍ പുറത്ത് വരുന്നത്.
സര്‍ക്കാരിനെതിരെ
അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും അധികം വലയ്ക്കുക തൊഴില്‍ ഇല്ലായ്മയാണെന്നും സര്‍വ്വേയില്‍ പറയുന്നു. ഓഗസ്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.32 ശതമായി വര്‍ധിച്ചെന്നും സര്‍വ്വേയില്‍ ഉണ്ട്.
തലവേദന
പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരം സൃഷ്‌ടിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു മോദി സർക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന കണക്കുകളും വർധിച്ചു വരുന്ന തൊഴിലില്ലായ്മക്കാരുടെ എണ്ണവും സര്‍ക്കാരിനെ ഏറെ തലവേദന സൃഷ്ടിക്കും.
മോദി സര്‍ക്കാര്‍
കഴിഞ്ഞ നാല് വര്‍ഷമായി തൊഴില്‍ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും 'മെയ്ക് ഇൻ ഇന്ത്യ' തലക്കെട്ടിനു കീഴിൽ കൊണ്ടുവന്നു ആഘോഷിക്കാനായിരുന്നു മോദി സർക്കാരിന്റെ തിടുക്കം.
തൊഴിലവസരങ്ങള്‍
എന്നാൽ ഇവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ വാഗ്‌ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങളുടെ കാര്യവും പാളി.2015ൽ 1.55 ലക്ഷവും 2016ൽ 2.31 ലക്ഷവും തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
യുപിഎ കാലത്ത്
എന്നാൽ മൻമോഹൻ സിംഗിന്റെ കാലത്ത് പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് 2009ൽ മാത്രം സൃഷ്ടിക്കപ്പെട്ടത്.2020 ആകുമ്പോഴേക്കും ശരാശരി 29 വയസ്സുള്ള യുവാക്കൾക്കെല്ലാം തൊഴിൽ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും ജലരേഖയാവും
പരാജയപ്പെട്ടു
വാക്കു പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും 29 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.എട്ട് മാസം മുന്‍പ് ഇത് 22 ശതമാനം മാത്രമായിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ തന്നെ പുറത്ത് വിട്ട മൂഡ് ഓഫ് ജിന നേഷന്‍ സര്‍വ്വേയില്‍ പറയുന്നത്.
തിരിച്ചടി
ഇന്ധന വില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധീ എന്നീ വിഷയങ്ങള്‍ രാജ്യത്ത് കത്തി നില്‍ക്കുമ്പോഴാണ് പുതിയ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. അടുത്തതായി പുറത്തിറങ്ങിയ പല സര്‍വ്വേകളിലും ഭരണ വിരുദ്ധ വികാരമായിരുന്നു അലയടിച്ചത്.
മോദി പ്രഭാവം
പല സര്‍വ്വേകളിലും മോദി പ്രഭാവം മങ്ങിയതായും ബിജെപിക്ക് 300ല്‍ കുറവ് സീറ്റുകള്‍ മാത്രമേ പ്രവചിച്ചിരുന്നുള്ളൂ.മെയ് മാസത്തില്‍ എബിപി മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.