• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഭീകരബന്ധത്തില്‍ ഉറച്ച്‌ എന്‍ഐഎ; കുരുക്കുകള്‍ മുറുകുന്നു

നയതന്ത്ര സ്വര്‍ണക്കടത്തിന്‌ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന്‌ എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വെറുമൊരു സ്വര്‍ണക്കടത്ത്‌ കേസ്‌ എന്നതിനപ്പുറത്തേക്ക്‌ തലനാരിഴ കീറിയുള്ള പരിശോധനയാണ്‌ അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്‌ക്കുന്നത്‌ എന്ന്‌ വ്യക്തമായി. പ്രതികളെ റിമാന്‍ഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്‌.

വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതില്‍ നിന്നുള്ള പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത നീക്കങ്ങള്‍ക്ക്‌ യുഎഇയുടെ നയതന്ത്ര ബാഗേജ്‌ ഉപയോഗിക്കാനുള്ള പ്രതികളുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ മറ്റുള്ളവരുടെ പങ്കും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട്‌. പ്രതികളില്‍നിന്നു പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും.

പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്ന്‌ കെ.ടി റമീസാണ്‌ കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്നാണ്‌ വ്യക്തമായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌ഡൗണ്‍ കാലത്ത്‌ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം കടത്താന്‍ നിര്‍ദേശം നല്‍കിയത്‌ റമീസാണ്‌. റമീസാണ്‌ ഉത്തരവുകള്‍ നല്‍കുന്നത്‌. ഒരു സംഘം ആളുകള്‍ക്കൊപ്പമാണ്‌ റമീസ്‌ സഞ്ചരിക്കുന്നതെന്നും വിദേശത്തു വലിയ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Top