സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവുസാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് എവിടെയാണു മുങ്ങിയത് എന്നതുമാത്രമാണ് ഇനി അറിയേണ്ടത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പരാമര്‍ശമാണ് പൊലീസ് തലപ്പത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തത വരുത്താതിരുന്നതും കനല്‍പാത വിരിക്കുന്നു.
ഫെബ്രുവരിയില്‍ തന്നെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സ്വപ്‌ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണു വിവരം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ പതിവായി പോകുന്ന വിവരവും ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സിലെ ഉയര്‍ന്ന ഓഫിസര്‍മാര്‍ പറയുന്നത്.
സ്വപ്‌ന സുരേഷ് അധികാരസ്വരത്തില്‍ പൊലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ അനൗദ്യോഗികമായി അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പതിവാണ്. ഇത്തരക്കാര്‍ പതിവായ സാന്നിധ്യമാകുമ്പോള്‍ ശ്രദ്ധിക്കാറുമുണ്ട്.
റേഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് സമര്‍പ്പിക്കുക. ദിവസവും നടക്കുന്ന കൂടിക്കാഴ്‌ചയില്‍ ഈ വിവരങ്ങള്‍ എഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. ഒപ്പം ഒരു കോപ്പി ഡിജിപിക്കും നല്‍കും. താഴെത്തട്ടില്‍ നിന്ന് തയാറാക്കി വന്ന ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കാണാതായത്.
ഇതിനിടെ, വ്യാജരേഖ കേസില്‍ സ്വപ്‌നയെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആണ് സ്വപ്‌നയില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. സ്വപ്‌ന എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്. ഈ കേസില്‍ രണ്ടു തവണ സ്വപ്‌നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടു മുങ്ങി. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നു ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.