ദമാസ്കസ്: സിറിയയിലെ തായ്ഫൂറില്‍ സ്ഥിതി ചെയ്യുന്ന മിലിട്ടറി വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഹോം പ്രവിശ്യയുടെ മധ്യഭാഗത്തായുള്ള തായ്ഫൂര് വ്യോമ കേന്ദ്രത്തിലാണ് മിസൈലാക്രമണം ഉണ്ടായതെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. വിമത നിയന്ത്രണത്തിലുള്ള ദൗമ പട്ടണത്തില്‍ ഇന്നലെയുണ്ടായ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് യു.എസ് ദമാസ്കസിനും സഖ്യ കക്ഷികള്‍ക്കും താക്കീത് നല്‍കിയിരുന്നു. അതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.
അതേസമയം തായ്ഫൂര് എയര്‍ബേസില്‍ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണ്‍ വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. നിരവധി മിസൈലുകള്‍ തായ്ഫൂറില്‍ പതിച്ചിട്ടുണ്ട് മിസൈല്‍ ആക്രമണം നിയന്ത്രിക്കാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ശ്രമിക്കുകയാണെന്നും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.