കൊല്ലം: നടനും താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 82 കാരനായ ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. 2016 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമാണ്. ബോളിവുഡ് സംവിധായകന്‍ രാജാകൃഷ്ണ മോനോനാണ് മകന്‍.
സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെവച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി പൊതുവേദികളില്‍ സജീവമായിരുന്നു.
നാല്‍പ്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വിദേശ യൂണിവേഴ്സിറ്റികളിലടക്കം ഡീന്‍ ആയിരുന്ന ഡോ. എന്‍.പി. പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായിട്ടാണ് ടി.പി. മാധവന്റെ ജനനം.
ആഗ്ര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവന്‍ പിന്നീട് ഡല്‍ഹി എസ്.എ.ഡി.സിയില്‍ നിന്നും ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ലോമ നേടി. 1960 ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്മെന്റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. കേരളകൗമുദി പത്രത്തിന്റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ടി.പി. ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യകമ്ബനിയും ആരംഭിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കര്‍മ്മമേഖലകളായിരുന്ന ബോംബൈ, കല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെയെല്ലാം മലയാളി സംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് നടന്‍ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്ര മേഖലയിലേക്കുള്ള വഴിയൊരുക്കി. നടന്‍ മധു സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.