ശ്രീകുമാര്‍ ഉണ്ണിത്താന്‍
കേരള കലാകായിക സാംസ്‌കാരിക സംഘടനയുടെ 25-ാം വാര്‍ഷിക ടാലന്റ് അവാര്‍ഡിന് അമേരിക്കന്‍ മലയാളി കലാകായിക,സാംസ്‌കാരിക,സാമൂഹ്യ,സംഘടനാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഡോ. സുജാ ജോസ് അര്‍ഹയായി.
തിരുവനന്തപുരം പഞ്ചയാത്ത് ഹാളില്‍ ജനുവരി 28ന് നടന്ന ചടങ്ങില്‍ കേരളാ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ആണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കലാസാംസ്‌കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡിന് അര്‍ഹരാകുന്നവരെ തിരഞ്ഞെടുക്കുന്നത്. പ്രവാസി പ്രതിഭാ പുരസ്‌കാരം അവാര്‍ഡും ഈ വര്‍ഷം സുജ സ്വികരിച്ചിരുന്നു.
തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്‌കാരിക രംഗങ്ങളില്‍ ഡോ. സുജാ ജോസ് നല്‍കിവരുന്ന സംഭാവനകളെ മന്ത്രി ജി. സുധാകരന്‍ പ്രശംസിച്ചു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കായിക താരമായിരുന്ന ഡോ. സുജ അമേരിക്കയില്‍ എത്തിയ ശേഷവും കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും,കലാസാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ശൈലിയില്‍ കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കുന്ന സുജ മറ്റ് പ്രവാസികള്‍ക്ക് ഒരു പ്രചോദനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഡോ. സുജ ജോസ്. മികച്ച സംഘാടക, ഗായിക,നര്‍ത്തകി, പ്രോഗ്രാം കോഡിനേറ്റര്‍, എം.സി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ്, ഏവര്‍ക്കും സുപരിചിതയാണ്. കലാകായിക,സാംസ്‌കാരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡോ. സുജ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും കലാകായിക രംഗത്തും സജീവമാണ് .
ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റും ആണ്. ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ആയി സേവനം അനുഷ്‌ഠിക്കുന്ന ഡോ. സുജ ജോസ് ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കുമൊപ്പം ന്യൂജേഴ്‌സി ലിവിഗ്‌സ്റ്റണില്‍ താമസിക്കുന്നു.