• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറക്കിയ ഇന്റര്‍നെറ്റ് പൈറസി മാഫിയ അറസ്റ്റില്‍

തിരുവനന്തപുരം > തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24), കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. വിവിധ സിനിമകളുടെ വ്യാജപതിപ്പുകള്‍ 19 വെബ്സൈറ്റ് ഡൊമൈനുകളില്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങള്‍ നേടിവരുകയായിരുന്നു.

പുതിയ മലയാളസിനിമകള്‍ ഉള്‍പ്പെടെ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച്‌ വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവരുടെ അക്കൌണ്ടിലേക്ക് തുക ലഭിക്കുകയുംചെയ്യും. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം. ഒരു ഡോമൈന്‍ ഏതെങ്കിലും രീതിയില്‍ ബ്ളോക്ക് ആയാല്‍ ഉടന്‍തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനം. 

കാര്‍ത്തിയുടെയും മറ്റും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരുകോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്ബാദിച്ചിട്ടുണ്ട്. ഡിവിഡി റോക്കേഴ്സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടിഎന്‍ റോക്കേഴ്സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സിനിമാപൈറസി മുഖേന സമ്ബാദിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് അക്കൌണ്ടുകള്‍ സാമ്ബത്തിക സ്രോതസ്സുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. 

പൈറസി നടത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. കംപ്യൂട്ടറില്‍ ശരിയായ ഐപി അഡ്രസ് മറച്ചുവച്ചതിനാല്‍ ഇവ പരിശോധിക്കുമ്ബോള്‍ വിദേശങ്ങളിലാണ് ഇവരുടെ വിലാസങ്ങള്‍ കാണിച്ചിരുന്നത്. തമിഴ്നാട് വില്ലുപുരം കേന്ദ്രമാക്കി കാര്‍ത്തിയുടെ വീടാണ് തമിഴ് റോക്കേഴ്സിന്റെ പ്രവര്‍ത്തനകേന്ദ്രം. വലിയ പൈറസി മാഫിയതന്നെ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയുമാണ്. 

ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് ബി കെ പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി വി രാഗേഷ്കുമാര്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ ജെ ആര്‍ രൂപേഷ്കുമാര്‍, സുരേന്ദ്രന്‍ ആചാരി, ജയരാജ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍കുമാര്‍, സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാത്തിം, സജി, സന്ദീപ്, സ്റ്റെര്‍ലിന്‍ രാജ്, ബെന്നി, അജയന്‍, അദീന്‍ അശോക്, സുബീഷ്, ആദര്‍ശ്, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top