ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്‌ത്രി തുടരും. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈസ്വറി കമ്മിറ്റി (സി എ സി) യാണ് തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനങ്ങള്‍ പുറത്തുവിട്ടത്. 2021ല്‍ ഇന്ത്യ വേദിയാകുന്ന ടി ട്വന്റി ലോകകപ്പ് വരെ ശാസ്‌ത്രി പരിശീലക സ്ഥാനത്തുണ്ടാകും. ആറുപേര്‍ ഉള്‍പ്പെട്ട ചുരുക്ക പട്ടികയില്‍ നിന്നാണ് 57കാരനായ ശാസ്‌ത്രിയെ തിരഞ്ഞെടുത്തത്.
ലാല്‍ചന്ദ് രജ്‌പുത് (ടി ട്വന്റി ലോകകപ്പ് 2007ലെ ഇന്ത്യന്‍ ടീം മാനേജര്‍), റോബിന്‍ സിംഗ് (ഇന്ത്യയുടെ മുന്‍ ഫീല്‍ഡിംഗ് കോച്ച്), ടോം മൂഡി (ലോകകപ്പ് 2007ലെ ശ്രീലങ്കന്‍ കോച്ച്), മൈക്ക് ഹെസ്സന്‍ (ലോകകപ്പ്2007ലെ ന്യൂസിലന്‍ഡ് കോച്ച്), ഫില്‍ സിമ്മണ്‍സ് (ടി ട്വിന്റി ലോകകപ്പ്2016ലെ വെസ്റ്റിന്‍ഡീസ് കോച്ച്) എന്നിവരായിരുന്നു ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ശാസ്‌ത്രിക്കാണെന്ന് കപില്‍ ദേവ് പറഞ്ഞു. മൈക്ക് ഹെസ്സന്‍ രണ്ടാം സ്ഥാനത്തും ടോം മൂഡി മൂന്നാമതുമെത്തി.