തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന 62 -ാംമത് സംസ്ഥാന സ്‌കൂള്‍ കായികമേള അവസാനിക്കുമ്ബോള്‍ കായിക കിരീടം നിലനിര്‍ത്തി എറണാകുളം. വ്യക്തമായ ആധിപത്യത്തോടെ 253 പോയിന്റ് നേടിയാണ് എറണാകുളം കരീടം നിലനിര്‍ത്തിയത്. 13-ാം തവണയാണ് എറണാകുളം ചാമ്ബന്മാരാകുന്നത്. 196 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. കോഴിക്കോടിനെ അട്ടിമറിച്ചുകൊണ്ട് തിരുവനന്തപുരം 101 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കായികമേളയുടെ മൂന്നാം ദിനം മത്സരം ആരംഭിക്കുമ്ബോള്‍ കോഴിക്കോടായിരുന്നു മൂന്നാമത്. എന്നാല്‍ അവസാന ലാപില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോടിനെ അട്ടിമറിച്ച് ആതിഥേയരായ തിരുവനന്തപുരം മുന്നേറുകയായിരുന്നു.
ജില്ലകളുടെ മത്സരത്തേക്കാളും പോരാട്ട വീര്യം സ്‌കൂളുകള്‍ തമ്മിലായിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ 81 പോയിന്റോടെ ഒന്നാമതായി. എക്കാലവും കായിക താരങ്ങളെ സമ്മാനിച്ച സ്‌കൂളാണ് ഇത്തവണ കിരീടം തിരിച്ചുപിടിച്ചത്. മാര്‍ബേസിലിനേയും പുല്ലൂരാന്‍പാറയെയും അട്ടിമറിച്ച് 62 പോയിന്റോടെ പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാമതായി. ഇന്നലെ വരെ ചിത്രത്തിലില്ലായിരുന്ന കല്ലടിയുടെ മുന്നേറ്റം ഞെട്ടിക്കുന്നതാണ്. 50 പോയിന്റ് നേടിയ എറണാകുളം മാര്‍ബേസില്‍ മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ തുടക്കത്തില്‍ മികച്ചു നിന്നിരുന്ന ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ നാട്ടികക്ക് 45 പോയിന്‌റില്‍ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മൂന്ന് ദിവസത്തെ കായികമേളയില്‍ മൂന്ന് പേര്‍ക്ക് ട്രിപ്പിള്‍ സ്വര്‍ണം ലഭിച്ചു. മാര്‍ബേസിലിന്റെ താരമായ ആദര്‍ശ് ഗോപിക്ക് 3000, 1500, 800 മീറ്ററില്‍ സ്വര്‍ണം ലഭിച്ചു. മണിപ്പൂര്‍ സ്വദേശിയായ ചങ്കിസ്ഖാനും ട്രിപ്പിള്‍ സ്വര്‍ണ ജേതാവായി. 600, 400, 200 എന്നീ ഇനത്തിലാണ് സ്വര്‍ണം. കായികതാരം മേഴ്‌സിക്കുട്ടിയുെട ശിക്ഷ്യയും നാട്ടിക സ്‌കൂളിന്റെ താരവുമായ എസ് സാന്ദ്രയും ട്രിപ്പിള്‍ കരസ്ഥമാക്കി. 100, 200, 400 എന്നീയിനത്തിലാണ് സ്വര്‍ണ നേട്ടം. താരതമ്യേന ഏറ്റവും കുറവ് റെക്കോര്‍ഡുകള്‍ പിറന്ന മേളയായിരുന്നു ഇത്തവണത്തേത്. പൊതുവെ നിറം മങ്ങിയ 62-ാമത് സ്‌കൂള്‍ കായികമേളയില്‍ ആകെ പിറന്നത് ട്രിപ്പിള്‍ ജംപില്‍ ഒരു നാഷ്ണന്‍ റെക്കോഡ് മാത്രം.