പി.പി. ചെറിയാന്‍
കോവിഡ് 19 മഹാമാരി മൂലം ടെക്‌സസ് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ അറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്‌ച സംസ്ഥാനത്ത് 324 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 40,095 ആയി ഉയര്‍ന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വെള്ളിയാഴ്‌ച 11,371 ആയി. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2541845 ആയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്‌ചയില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 34.3 ശതമാനം കുറവുണ്ടായതായി ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌സസ് ജനസംഖ്യയില്‍ 9.8 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെ ഒരു ഡോസ് ഫൈസറോ, മൊഡേര്‍ണ വാക്‌സിനോ ലഭിച്ചിട്ടുള്ളൂ. രണ്ടു ഡോസ് ലഭിച്ചവര്‍ 3.6 ശതമാനം മാത്രമാണെന്നും സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. 2.1 മില്യന്‍ ടെക്‌സസ് ജനത കോവിഡില്‍ നിന്നും മോചിതരായിട്ടുണ്ട്.
ഡാളസ് കൗണ്ടിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്‌ച നാല്‍പ്പതും, ടെറന്റ് കൗണ്ടിയില്‍ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് പൊതുവെ കോവിഡ് ഭീകരത കുറഞ്ഞുവരികയാണെങ്കിലും നിലവിലുള്ള പ്രതിരോധ നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.