താം ലുവാങ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും ഫുട്ബാള്‍ പരിശീലകനും ആശുപത്രി വിട്ടു. പ്രാദേശിക സമയം ആറു മണിയോടെ കുട്ടികള്‍ മാധ്യമങ്ങളെ കണ്ടു. എല്ലാവര്ക്കും കുട്ടികള്‍ നന്ദി അറിയിച്ചു.
18 ദിവസത്തെ ഗുഹാവാസത്തിനു ശേഷം രക്ഷപ്പെട്ട 'വൈല്‍ഡ് ബോര്‍സ്' ടീം അംഗങ്ങളായ 12 കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നിലയില്‍ അധികൃതര്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു.കുടുംബത്തിന്റെയും മാതാപിതാക്കളുടെയും കൂടെ കൂടുതല്‍ സമയം ചെലവിടാന്‍ ആവശ്യപ്പെട്ട കുട്ടികളോട് മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
16 വയസ്സില്‍ താഴെയുള്ള ഫുട്ബാള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. മലവെള്ളപാച്ചിലില്‍ ഗുഹാകവാടം വെള്ളവും ചെളിയും നിറഞ്ഞ് മൂടാന്‍ അധികം സമയം വേണ്ടി വന്നില്ല. ഗുഹക്കുള്ളില്‍ അകപ്പെട്ടവര്‍ രക്ഷാമാര്‍ഗം തേടി പിന്നോട്ട് വലിഞ്ഞു. ഗുഹക്ക് നാലു കിലോ മീറ്റര്‍ ഉള്ളില്‍ കുട്ടികളും കോച്ചും അങ്ങനെയാണ് അകപ്പെട്ടത്.
രാത്രിയായിട്ടും മകന് വീട്ടില്‍ എത്താത്തതിനാല്‍ ഒരു കുട്ടിയുടെ അമ്മ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂ തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ്റായ് വനം റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണ് സംശയമുണര്‍ന്നത്. കുട്ടികള്‍ക്ക് ജീവനോടെയുണ്ടോ എന്നറിയാന്‍ മാത്രം ഒമ്ബതു ദിവസമെടുത്തു. വിദേശത്തു നിന്നുള്ള സ്കൂബാ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ്ലന്ഡ് നാവികസേനാംഗങ്ങളും അടക്കം 18 അംഗ സംഘമാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായത്.