ഷാജി രാമപുരം
അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യന്‍ ഡോളര്‍ ചിലവഴിച്ച് വാങ്ങിയ കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനത്ത് സെന്റ്.തോമസ് ദിനമായ ജൂലൈ മൂന്നിന് ബുധനാഴ്‌ച രാവിലെ 9.30 ന് പ്രത്യേക സ്‌തോത്ര സമര്‍പ്പണ ശുശ്രുഷ നടത്തുന്നു.
2018 ഡിസംബര്‍ 29 ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ വിശ്വാസ സമൂഹത്തിനായി ഈ സെന്റര്‍ കൂദാശ ചെയ്‌ത് സമര്‍പ്പിച്ചത്.
അറ്റ്‌ലാന്റയില്‍ സാന്‍ഡി സ്‌പ്രിങ്‌സ് റോസ്‌വെല്‍ മെട്രോപൊളിറ്റന്‍ ഏരിയായില്‍ ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് കര്‍മ്മേല്‍ ക്രിസ്‌ത്യന്‍ ചര്‍ച്ച് വക ഏകദേശം 2200 ല്‍ പരം ജനങ്ങള്‍ക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ല്‍ പരം പേര്‍ക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇന്‍ഡോര്‍ കോര്‍ട്ട്, 36 ക്ലാസ്സ്‌റൂം ഉള്ള ബഹുനില സ്‌കൂള്‍ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു വലിയ കെട്ടിട സമുച്ചയം ആണ് കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ എന്ന ഈ കേന്ദ്രം.
നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മ സഭാ വിശ്വാസികളില്‍ നിന്ന് സംഭാവനയായും, പലിശ രഹിത വായ്‌പയായും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ലഭിച്ച സഹകരണമാണ് ജൂണ്‍ 28ന് മുഴുവന്‍ തുകയും കൊടുത്ത് സെന്റര്‍ ബാധ്യതകള്‍ ഇല്ലാതെ ഭദ്രാസനത്തിന്റെ പേരില്‍ ആക്കുവാന്‍ സാധിച്ചത്. സഹകരിച്ച എല്ലാവരോടും ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നന്ദി അറിയിച്ചു.
2016 ഏപ്രില്‍ 1 മുതല്‍ ഭദ്രാസനാധിപനായി ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് ചുമതലയേറ്റെടുത്തതു മുതല്‍ ഭദ്രാസന പ്രവര്‍ത്തനങ്ങളില്‍ അനുദിന വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയതായി ആരംഭിച്ച ലൈറ്റ് ടു ലൈഫ് എന്ന പ്രോജക്‌റ്റ് ഇന്ന് ഭാരതത്തിലെ അനേക കുട്ടികള്‍ക്ക് ആശയും ആവേശവും ആയി മാറിയിരിക്കുകയാണ്.
ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ്, സെക്രട്ടറി റവ. മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ് ,16 കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂലൈ മൂന്ന് ബുധനാഴ്‌ച രാവിലെ 9.30 ന് അറ്റ്‌ലാന്റാ കര്‍മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ നടത്തപ്പെടുന്ന സ്‌തോത്ര സമര്‍പ്പണ ശുശ്രുഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.