• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തണ്ണിര്‍മുക്കം ബണ്ട്: ദൃശ്യമാധ്യമം നല്‍കിയ വാര്‍ത്ത തെറ്റ്, പിന്നില്‍ ദുരുദ്ദേശ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ( 25.07.2018) കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മിച്ച തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന് ഒരു ദൃശ്യമാധ്യമം നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ ഷട്ടറുകള്‍ പുതുക്കിപ്പണിയുക, ഷട്ടറില്ലാത്ത (മണ്‍ചിറ) ഇല്ലാത്ത ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്.

മണ്‍ചിറയുളള ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുമ്ബോള്‍ വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇതിന്റെ ഭാഗമായി മാറ്റണം. മണ്ണ് നീക്കാനും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള വൈദ്യുതീകരണം പൂര്‍ത്തിയാക്കാനും രണ്ടുമാസം കൂടി വേണ്ടിവരും. ഇതെല്ലാം പൂര്‍ത്തിയായിട്ടേ ബണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയൂ. ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനുവേണ്ടി ഒരു പദ്ധതിയും താമസിപ്പിക്കരുതെന്ന നിര്‍ദേശം പൊതുവില്‍ തന്നെ നല്‍കിയിട്ടുളളതാണ്. 

മൂന്നാംഘട്ടത്തിന്റെ ഭാഗമായി 28 ഷട്ടറുകള്‍ സ്ഥാപിക്കലും നാവിഗേഷന്‍ ലോക്കിന്റെ നിര്‍മാണവും ലോക്ക് ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ഹൈഡ്രോളിക് സംവിധാനവും പൂര്‍ത്തിയായിട്ടുണ്ട്. മണ്‍ചിറയിലെ മണ്ണ് നീക്കല്‍ ജൂലൈ 28ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് പഴയ ബാരേജിലെ 62 ഷട്ടറുകളും ഉയര്‍ത്തിവെച്ചിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച 28 ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മണ്‍ചിറ നീക്കം ചെയ്യേണ്ടതുണ്ട്. വസ്തുത ഇതായിരിക്കേ ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും ഉദ്ഘാടനം ചെയ്യാത്തത് മുഖ്യമന്ത്രി സമയം നല്‍കാത്തതുകൊണ്ടാണെന്നുമുളള വാര്‍ത്ത ദുരുപദിഷ്ടിതമാണ്. വെള്ളപ്പൊക്കം കാരണമുളള ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിന് വെള്ളം ഒഴുക്കിവിടാന്‍ കഴിയുന്ന എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓഫീസ് അറിയിച്ചു.

Top