പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലത് ചെയ്‌താല്‍ അദ്ദേഹത്തെ പ്രശംസിക്കണമെന്ന ശശി തരൂരിന്റെ പ്രസ്‌താവനയില്‍ വിവാദം കെട്ടടുങ്ങുന്നില്ല. തരൂരിനെതിരെ ശക്തമായ ഭാഷയില്‍ കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തി. കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല. മലയാളപത്രം വായിക്കാത്തത് കൊണ്ടാണ് തരൂര്‍ തന്റെ മടങ്ങി വരവ് അറിയാത്തതെന്നുവരെ പറയേണ്ടിവന്നു കെ.മുരളീധരന്.
തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞ മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്ന് തരൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുരളീധരന്‍ തരൂരിനെതിരെ വീണ്ടും രംഗത്തെത്തിയത്.
പറഞ്ഞതിലെ തെറ്റ് തരൂര്‍ മനസ്സിലാക്കണം. പറഞ്ഞതില്‍ തരൂര്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസില്‍ ഇരുന്ന് മോദിയെ സ്‌തുതിക്കേണ്ട. ഇനിയും മോദി സ്‌തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ല. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂ. അതുകൊണ്ടാണ് തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ മനസിലാക്കാത്തത്. മുരളീധരന്‍ പറഞ്ഞു.