ന്യൂഡല്‍ഹി: നോട്ടുനിരോധനം സഹായിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റന്‍സി റദ്ദാക്കല്‍ സര്‍ക്കാരിനു സംഭവിച്ച പിഴവായിരുന്നില്ല. വമ്ബന്‍ വ്യവസായികളെ സഹായിക്കാന്‍ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ പിഴവിന് നിങ്ങള്‍ മാപ്പ് പറയണം. മോദി കരുതികൂട്ടി നടത്തിയതാണ് നോട്ട് റദ്ദാക്കല്‍. ഇത് സാധാരണക്കാരെ ഇല്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയില് പരിഹരിക്കാന്‍ കഴിയാത്ത ക്ഷതമാണ് നോട്ട് നിരോധനം വരുത്തിയത്. ഇതിന് പ്രധാനമന്ത്രി സാധാരണക്കാരോട് ഉത്തരം പറയണം. സാധാരണക്കാരുടെ പോക്കറ്റില്നിന്നും പണമെല്ലാം എടുത്ത് മോദി ചങ്ങാത്ത മുതലാളിമാരുടെ കീശയില്‍ നിറച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തന്റെ ചില കോര്‍പ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടി മോദി തട്ടിക്കൂട്ടിയ പരിപാടിയാണ് നോട്ടുനിരോധനം. നോട്ട് നിരോധനത്തിലൂടെ മോദിയുടെ സുഹൃത്തുക്കളെല്ലാം കള്ളപ്പണം വെളുപ്പിച്ചെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നോട്ട് നിരോധനത്തിന്റെ ആഴ്ചയില്‍ 700 കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ഇതൊരു പിഴവല്ല. വലിയൊരു അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം വ്യക്തമാണ്. പതിനഞ്ചോ ഇരുപതോ ചങ്ങാത്ത മുതലാളിമാരെ സഹായിക്കാനായിരുന്നു ഇത്. വലിയ പണക്കാരും അഴിമതിക്കാരും അവരുടെ കള്ളപ്പണം ഇതിലൂടെ വെളുപ്പിച്ചു- രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞു. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നും രാഹുല്‍ ആരോപിച്ചു. സത്യം പറയുന്നതിന്റെ പേരില്‍ അനില്‍ അംബാനിക്ക് എത്ര തവണ വേണമെങ്കിലും മാനനഷ്ടക്കേസ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.