• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തേനിയിലെ കണികാ പരീക്ഷണത്തിന് വീണ്ടും അനുമതി

ന്യൂഡല്‍ഹി: തേനിയിലെ പശ്ചിമഘട്ട മേഖലയില്‍ കണിക പരീക്ഷണം നടത്താന്‍ വീണ്ടും കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി. അനുമതി നല്‍കാന്‍ വിദഗ്ദ സമിതി നല്‍കിയ ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

2011ല്‍ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ അന്ന് ഉയര്‍ന്നു. തുടര്‍ന്ന് 2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു.

പുതിയ അപേക്ഷയുമായി വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. വീണ്ടും സമീപിച്ചതിനെത്തുടര്‍ന്ന് അനുമതി നല്‍കാന്‍ ഈ മാസം അഞ്ചിന് വിദഗ്ദ സമിതി ശുപാര്‍ശ നല്‍കുകയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച്ച അനുമതി ലഭിക്കുന്നത്.

എന്നാല്‍ ഈ അനുമതി കൊണ്ട് മാത്രം പദ്ധതിയുമായി മുന്നോട്ടു പോവാന്‍ സാധിക്കില്ല. തമിഴ്‌നാട് സര്‍ക്കരിന്റെ അനുമതി കൂടി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടു പോവാന്‍ ആവൂ.

തേനി പോട്ടിപ്പുറം ഗ്രാമത്തിലാണ് 'ഇന്ത്യ ബേസ്ഡ് ന്യൂട്രീനോ ഒബ്സര്‍വേറ്ററി' എന്ന കണികാപരീക്ഷണപദ്ധതി ആരംഭിക്കാന്‍ തീരുമാനമായത്. ഇതിനായി ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാരക്കുന്നുകളായിരുന്നു. എന്നാല്‍, അത് മുതുമല കടുവാസങ്കേതത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കിയില്ല.

2010-ലാണ് പരിസ്ഥിതിമന്ത്രാലയം തേനിയില്‍ കണികാപരീക്ഷണശാല സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ പ്രാരംഭപ്രവര്‍ത്തനങ്ങളും തുടങ്ങി. 1500 കോടി രൂപയാണു പദ്ധതിച്ചെലവു കണക്കാക്കിയത്. സംരക്ഷിതവനമേഖലയിലെ രണ്ടുകിലോമീറ്റര്‍ പരിധിയിലെ 63 ഏക്കര്‍ സ്ഥലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. 1.3 കിലോമീറ്റര്‍ ഉയരമുള്ള തരിശായ പൊട്ടിപ്പുറംമല പദ്ധതിക്കായി കണ്ടെത്തി. 4300 അടി താഴ്ചയില്‍ മലയില്‍ തുരങ്കമുണ്ടാക്കി കണികാപരീക്ഷണം നടത്താണ് പദ്ധതി.

Top