• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ കണ്‍വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്താന്‍ പറ്റിയ സാഹചര്യമില്ലെന്ന് മെടോ ആര്‍.വി.പി.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുവാന്‍ സഹായിച്ച എല്ലാ ഫോമാ അംഗങ്ങള്‍ക്കും ആദ്യമായി നന്ദി അറിയിക്കട്ടെ. ന്യൂ യോര്‍ക്കിലെ ഏറ്റവും അധികം മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ക്വീന്‍സ്, ലോങ്ങ് ഐലന്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്ള മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുക ശ്രമകരമായ ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്റെ ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരോടുള്ള സ്‌നേഹാദരങ്ങള്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. ഇനിയും ഈ റീജിയണല്‍ പ്രവര്‍ത്തങ്ങളില്‍ ഞാന്‍ സജ്ജീവമായിരിക്കും എന്നും വാക്ക് തെരുന്നു. 

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് (KSGNY), മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് (MASI), ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ (കേരള സെന്റര്), ലോങ്ങ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍ (LIMCA), കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ്, ലോങ്ങ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA), മലയാളി സമാജം ഓഫ് ന്യൂ യോര്‍ക്ക് (MSNY), നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ തുടങ്ങി 9 ശക്തമായ സംഘടനകള്‍ ഉള്‍കൊള്ളുന്ന ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ എന്നും ഫോമയുടെ നാളിതുവരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു. ഇനിയും ഈ റീജിയന്‍ അത് തുടരുക തന്നെ ചെയ്യും. 

ന്യൂ യോര്‍ക്കില്‍ ഒരു കണ്‍വെന്‍ഷന്‍ വരാന്‍ ഉള്ള സാഹചര്യം അല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് പറയാന്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ട ആവിശ്യമില്ല. ന്യൂ യോര്‍ക്ക് മലയാളി സമൂഹത്തിന് മുഴുവന്‍ സമ്മതനായ ഒരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വന്നെങ്കില്‍ മാത്രമേ ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ സാധ്യമാകൂ. മെട്രോ എമ്പയര്‍ റീജിയനുകളിലെ 18 അംഗ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് പോകുവാന്‍ കഴിവും പ്രാപ്തിയുമുള്ള ഒരു പാനല്‍ വേണം ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന് വേണ്ടി രംഗത്ത് വരാന്‍. 

അത് പോലെ അമേരിക്കയുടെ വിവിധ പ്രദേശത്തു നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കണം. അധികാര വികേന്ദ്രീകരണം ആണ് ഫോമക്ക് ആവശ്യം. അല്ലാതെ ഒരേ പ്രദേശത്തു നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെ മറ്റുള്ളവരുടെ തലയില്‍ അടിച്ചു ഏല്‍പ്പിക്കുകയല്ല വേണ്ടത്. ഫോമാ കണ്‍വെന്‍ഷന്‍ വിജയിക്കണമെങ്കില്‍ ഒത്തൊരുമയോടെ, ഒരേ മനസ്സോടെ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധ്യമാവൂ. 

ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ ഒരു ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെങ്കില്‍ ആദ്യം മെട്രോ - എമ്പയര്‍ റീജിയനുകള്‍ ഒന്നിച്ചു സ്ഥാനാര്‍ത്ഥികളെ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കണം. അതിന് വിപരീതമായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 

മറ്റൊന്ന് എല്ലാ ഫോമ എലെക്ഷന്‍ വരുമ്പോഴും തങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ വേണം എന്ന് ട്രൈ സ്റ്റേറ്റ് പ്രദേശത്തുള്ളവര്‍ (CT, NY, NJ) വാശി പിടിച്ചാല്‍ പിന്നെ ഫോമ ഈ പ്രദേശത്തു തന്നെ ഒതുങ്ങി പോകും എന്നതില്‍ സംശയമില്ല. ബോസ്റ്റണ്‍ മുതല്‍ വാഷിംഗ്ടണ്‍ വരെയുള്ള മലയാളി അംഗ സംഘടനകളുടെ കണക്കെടുത്താല്‍, മറ്റൊരു പ്രദേശത്തിനും അതിന് മുകളില്‍ വരാന്‍ സാധ്യമല്ല. 

ന്യൂ ജേഴ്സി കഴിഞ്ഞ ഏതാനം വര്ഷങ്ങളായി ഒരു കണ്‍വെന്‍ഷന്‍ നടത്തുവാന്‍ താല്പര്യം കാണിച്ചു നില്‍ക്കുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോള്‍, ഫോമ കണ്‍വെന്‍ഷനുകള്‍ മറ്റുള്ള പ്രദേശത്തു കൂടി പോവേണ്ടത് ഒരു അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം എന്നത് വെറും സ്വപ്‌നം മാത്രം ആയി പോവും എന്നതില്‍ സംശയമില്ല. 

കഴിഞ്ഞ ഇലെക്ഷനില്‍ സ്റ്റാന്‍ലി കളത്തിലിന്റെ നേതൃത്വത്തില്‍ 2018 ലെ കണ്‍വെന്‍ഷന്‍ ന്യൂ യോര്‍ക്കില്‍ വെച്ച് നടത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ ന്യൂ യോര്‍ക്കിലെ ഫോമാ നേതാക്കളുടെ ഐക്യമില്ലായ്മ കൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. അതേ അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ന്യൂ യോര്‍ക്കില്‍ ഒരു സൗഹൃദാന്തരീക്ഷം ഉടലെടുക്കുന്നത് വരെ ഇവിടെ ഒരു കണ്‍വെന്‍ഷന്‍ കൊണ്ട് വന്നു വിജയിപ്പിക്കുക അസാദ്ധ്യം എന്ന് ഞാന്‍ കരുതുന്നു. 

ഇപ്പോള്‍ ഡാളസില്‍ നിന്നുള്ള ഫോമാ പ്രവര്‍ത്തകര്‍ 2020 ലെ കണ്‍വെന്‍ഷന്‍ ഡാളസില്‍ വെച്ച് നടത്തുവാന്‍ ആഗ്രഹിക്കുന്നു. അത് സാധ്യമാക്കി കൊടുക്കയാണ് വേണ്ടത് എന്ന് ഫോമയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറയുവാനുള്ളൂ. അതിന് വേണ്ടി എല്ലാം ഫോമാ നേതാക്കളും സഹായിക്കണമെന്ന അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫോമയ്ക്ക് എല്ലാ ആശംസകളും നേരുന്നു 

വര്‍ഗ്ഗീസ് കെ. ജോസഫ് 
മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ്
ന്യൂ യോര്‍ക്ക് 

Top