• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അകക്കണ്ണിന്റെ വെളിച്ചത്തില്‍ തലസ്ഥാനത്തെ നയിക്കും; സബ്‌ കലക്ടറായി പ്രജ്ഞാല്‍ പാട്ടീല്‍

തിരുവനന്തപുരം സബ്‌ കളക്ടറായി കേരള കേഡറിലെ കാഴ്‌ച പരിമിതിയുള്ള ആദ്യ ഐഎഎസ്‌ ഉദ്യോഗസ്ഥ പ്രജ്ഞാല്‍ പാട്ടീല്‍ ചുമതലയേറ്റു. ആറാം വയസിലുണ്ടായ അപകടത്തില്‍ കാഴ്‌ച നഷ്ടപ്പെട്ട പ്രഞ്‌ജാല്‍, പരിശീലനത്തിനു പോകാതെ സ്വപ്രയത്‌നത്തിലൂടെയാണ്‌ 2017ല്‍ 124ാം റാങ്കോടെ ഐഎഎസ്‌ സ്വന്തമാക്കിയത്‌. ബിരുദ വിഷയമായിരുന്ന പൊളിറ്റിക്കല്‍ സയന്‍സാണു സിവില്‍ സര്‍വീസ്‌ ഓപ്‌ഷണലായി തിരഞ്ഞെടുത്തത്‌.

ആദ്യമെഴുതിയ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 773ാം റാങ്ക്‌ നേടിയ പ്രജ്ഞാലിനു റെയില്‍വേ അക്കൗണ്ട്‌സില്‍ ജോലി ലഭിച്ചെങ്കിലും കാഴ്‌ചപരിമിതി കാരണം പ്രവേശിക്കാനായില്ല. എറണാകുളത്ത്‌ അസിസ്റ്റന്റ്‌ കളക്ടറായി സേവനമനുഷ്‌ഠിച്ച ശേഷമാണു സബ്‌ കലക്ടറായി തലസ്ഥാനത്ത്‌ എത്തുന്നത്‌.

മുംബൈ സെന്റ്‌ സേവ്യേഴ്‌സില്‍നിന്നു ബിരുദവും ന്യൂഡല്‍ഹി ജെഎന്‍യുവില്‍നിന്ന്‌ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണു കുടുംബം. സാമൂഹികനീതി വകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്‌ണന്‍, അസിസ്റ്റന്റ്‌ കലക്ടര്‍ അനുകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു സബ്‌ കലക്ടര്‍ ചുമതലയേറ്റത്‌.
വിവിധ സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെയായിരുന്നു പഠനം. നിരവധി മോക്ക്‌ ഇന്‍റ്റര്‍വ്യൂകളില്‍ പങ്കെടുത്തത്‌ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിച്ചതായി പ്രജ്ഞാല്‍ പറഞ്ഞു.

Top