• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഭര്‍ത്താവായ എംഎല്‍എയുടെ സ്വന്തക്കാരന് സര്‍ക്കാര്‍ഭൂമി; ദിവ്യ എസ്.അയ്യരുടെ ഉത്തരവിന് സ്റ്റേ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു.

വി. ജോയി എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതി ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കൈമാറി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ലാന്‍ഡ് റവന്യൂ കമീഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്.

ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്ബ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതല സ്വാധീനത്താല്‍ പിന്നീട് ആര്‍ഡിഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും.

അതീവരഹസ്യമായാണ് ദിവ്യ എസ് നായര്‍ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ ഈ വിവരം അറിഞ്ഞ് താഹസില്‍ദാര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. പക്ഷെ താഹസില്‍ദാരുടെ വാദമുഖങ്ങള്‍ സബ് കളക്ടര്‍ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അമ്ബതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ ദിവ്യ എസ് അയ്യര്‍ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top