തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്‍ മരിച്ചു. കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതിനു പിന്നാലെ കുട്ടിയുടെ പള്‍സ് നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ തുടരുമ്പോഴായിരുന്നു മരണം.
മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ച അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലിസ് അറിയിച്ചു.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് ഏഴുവയസുകാരനെ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുണ്‍ ആനന്ദും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകള്‍ കണ്ടെത്തിയതോടെ അധികൃതര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ വിദഗ്‌ധ ചികില്‍സകള്‍ക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇളയകുട്ടിയുടെ മൊഴിയില്‍നിന്നുമാണ് ഏഴുവയസ്സുകാരനെ അരുണ്‍ ക്രൂരമായി മര്‍ദിച്ച വിവരം പുറത്തറിഞ്ഞത്. അമ്മയുടെ സുഹൃത്താണ് സഹോദരനെ വടികൊണ്ട് മര്‍ദിച്ചതെന്നും തലയ്‌ക്കു പിന്നില്‍ ശക്തമായി അടിച്ചതെന്നും കാലില്‍ പിടിച്ച് നിലത്തടിച്ചുവെന്നും ഇളയകുട്ടി മൊഴി നല്‍കി. ഏഴുവയസുകാരന്റെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പൊലീസ് പറയുന്നത്: തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി യുവതിയും അരുണും ഒരുമിച്ചു കുമാരമംഗലത്തെ വാടകവീട്ടിലാണു താമസം. യുവതിയുടെ ഏഴും നാലും വയസ്സുള്ള 2 ആണ്‍മക്കളും ഒപ്പമുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരയ്‌ക്കു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുനിന്നു പൂട്ടി ഇരുവരും ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചെത്തിയത് പുലര്‍ച്ചെ മൂന്നിന്. 2 കുട്ടികളും ഉറങ്ങിപ്പോയിരുന്നു.