തിരുവനന്തപുരം > ആയുഷ‌്മാന്‍ ഭാരത‌് ഇന്‍ഷുറന്‍സ‌് പദ്ധതി നടപ്പാക്കില്ലെന്ന പിടിവാശി കേരളത്തിനില്ലെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌്. 80 ശതമാനത്തിലേറെ തുക സംസ്ഥാനങ്ങളുടെ ബാധ്യതയായി മാറിയേക്കാവുന്ന പദ്ധതി സംബന്ധിച്ച‌് കൂടുതല്‍ ചര്‍ച്ചവേണം. ആദ്യം പദ്ധതി എന്താണെന്ന‌് കേന്ദ്രം വ്യക്തമാക്കണം. വ്യക്തമായ പദ്ധതികളില്ലാതെ തെരഞ്ഞെടുപ്പ‌് അടുത്തുവരുമ്ബോള്‍ വെറും പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു.
കേന്ദ്രപദ്ധതികളോട‌് വിയോജിപ്പുണ്ടാകും. അത‌് സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ‌്ത‌് സംശയനിവാരണം നടത്തണം. ആര്‍എസ‌്ബിവൈ നടപ്പാക്കുമ്ബോഴുണ്ടായ വിയോജിപ്പുകള്‍ ചര്‍ച്ചചെയ‌്തും കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച‌് പുനഃക്രമീകരിച്ചുമാണ‌് നടപ്പാക്കിയത‌്. ഇതേനിലപാടാണ‌് ആയുഷ‌്മാന്‍ ഭാരതിനോടും. പദ്ധതിയുടെ 85 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറാനാണ‌് സാധ്യത.
കേന്ദ്ര പ്രീമിയം വെറും 1100; സംസ്ഥാനവിഹിതം 7000 വരെ
അഞ്ചുലക്ഷം രൂപയാണ‌് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ‌് പരിരക്ഷ. പ്രീമിയമായി 1100 രൂപ കേന്ദ്രം നല്‍കുമെന്നാണ‌് പറയുന്നത‌്. എന്നാല്‍, ഇപ്പോഴത്തെ നിലയനുസരിച്ച‌് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ‌്ക്ക‌് 5000 മുതല്‍ 7000 വരെ രൂപ പ്രീമിയം വേണ്ടിവരും. അങ്ങനെവന്നാല്‍ ശേഷിക്കുന്ന തുക സംസ്ഥാനങ്ങളുടെ ബാധ്യതയാകും. ഇത‌് കേരളത്തിന‌് വലിയ നഷ്ടമാകും. ഇത്രയും തുക സംസ്ഥാനം മുടക്കേണ്ടിവരുമെങ്കില്‍ തീരുമാനങ്ങളെടുക്കാനും അവകാശമുണ്ട‌്. തീരുമാനങ്ങള്‍ കേന്ദ്രമെടുക്കുകയും പണം സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുകയുംചെയ്യുന്നത‌് നടക്കില്ല. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ 40 ലക്ഷം പേര്‍ ആര്‍എസ‌്ബിവൈയില്‍ ഉള്‍പ്പെട്ടിട്ടുണ്ട‌്. ഇതില്‍ 20 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ‌് പരിരക്ഷ സംസ്ഥാനമാണ‌് വഹിക്കുന്നത‌്. 30000 രൂപയ‌്ക്ക‌് 1250 രൂപയാണ‌് പ്രീമിയം. എന്നാല്‍, ആയുഷ‌്മാന്‍ ഭാരത‌് പദ്ധതിയില്‍ 19ലക്ഷം പേര്‍ക്കേ ആനുകൂല്യം ലഭിക്കൂ.
ആര്‍എസ‌്ബിവൈയില്‍ 53 ലക്ഷം ക്ലെയിമും കേരളത്തില്‍
ആര്‍എസ‌്ബിവൈ പദ്ധതി പ്രകാരം 10 വര്‍ഷം കൊണ്ട‌് 1.20 കോടി ക്ലെയിമുകള്‍ തീര്‍പ്പാക്കിയപ്പോള്‍ അതില്‍ 53 ലക്ഷവും കേരളത്തില്‍നിന്നായിരുന്നെന്നും ഐസക‌് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നുശതമാനം മാത്രമുള്ള സംസ്ഥാനത്ത‌് മൊത്തം ക്ലെയിമിന്റെ 45 ശതമാനമാണ‌് ലഭിച്ചത‌്. കേരളം നടത്തിയ ഇടപെടലിന്റെ ഭാഗമാണത‌്. ബജറ്റില്‍ ആരോഗ്യമേഖലയ‌്ക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൊണ്ടുവരികയാണ‌്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ‌് സംബന്ധിച്ച‌് ഒരുപാട‌് കാര്യങ്ങളില്‍ വ്യക്തത വരുത്തണം.
കേരളം നടപ്പാക്കിയ പദ്ധതിയുടെ വിപുലീകൃതരൂപം മാത്രമാണ‌് ആയുഷ‌്മാന്‍ ഭാരതെന്നും ഐസക‌് പറഞ്ഞു.