കൊച്ചി∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസ് (80) കാലം ചെയ്തു. രാവിലെ അഞ്ചരയോടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയിൽ പുല്ലേപ്പടി പാലത്തിനു സമീപം ട്രെയിനിൽനിന്നു വീണതിനെത്തുടർന്നാണു മരണം. ഗുജറാത്തിൽനിന്നു രാജധാനി എക്സ്പ്രസിൽ വരികയായിരുന്ന മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിലെത്തിയപ്പോൾ പുറത്തേക്കു വീഴുകയായിരുന്നു.
എറണാകുളം സൗത്ത് സ്റ്റേഷനിൽ കാത്തുനിന്ന സഹായി, മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഭൗതിക ദേഹം കണ്ടെത്തിയത്. സഭാ പ്രവർത്തനങ്ങളുമായി ബറോഡയിലായിരുന്ന അദ്ദേഹം കൊച്ചിയിലേക്കുള്ള വിമാനസർവീസ് തടസ്സപ്പെട്ടതിനാലാണു ട്രെയിനിൽ യാത്രതിരിച്ചത്.
ഭൗതിക ശരീരം എറണാകുളത്തു സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർത്ഥനയ്‌ക്കു ശേഷം വിലാപയാത്രയായി ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ചു. പരുമല സെമിനാരിയിൽ പൊതുദർശനത്തിനുവച്ചശേഷമാണ് ബഥേൽ അരമനയിലേക്കു കൊണ്ടുപോയത്. ഇന്ന് കുർബാനയ്‌ക്കുശേഷം ഉച്ചയക്ക് ഒരുമണിയോടെ പുത്തൻകാവ് കത്തീഡ്രലിൽ പൊതുദർശനത്തിനായി എത്തിക്കും.
നാളെ കുർബാനയ്ക്കുശേഷം ഒരുമണിയോടെ നഗരികാണിക്കൽ പുത്തൻകാവ് കത്തീഡ്രലിൽനിന്ന് ഓതറ ദയറായിലേക്ക്. മൂന്നിനു നടക്കുന്ന കബറടക്ക ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കബറടക്കം ഓതറ ദയറാ ചാപ്പലിൽ മതിയെന്നു മാർ അത്തനാസിയോസ് നേരത്തേതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.