ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ വിഷാദത്തില്‍ അകപ്പെട്ടുവെന്ന് എറണാകുളം എം.പി.യും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസ്.
സീറ്റില്ലെന്നറിഞ്ഞ് വിഷാദത്തില്‍പ്പെട്ട തനിക്ക് സംഗീതമാണ് രക്ഷക്കെത്തിയതെന്നും ക്രിസ്‌തീയഗാനത്തിലൂടെയാണ് വിഷാദത്തെ മറികടന്നതെന്നും കെ.വി. തോമസ് പറഞ്ഞു. കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫ് സ്‌മാരക പുരസ്‌കാരത്തിന്റെ സില്‍വല്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവേദിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
'എറണാകുളത്ത് സീറ്റ് നിഷേധിച്ചതറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി, അപ്പോള്‍ സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. കര്‍ത്താവേ യേശുനാഥാ എന്ന ക്രിസ്‌ത്യന്‍ ഗാനമാണ് അയാള്‍ പ്ലേചെയ്‌തത്. ആ ഗാനവും സംഗീതവുമാണ് വിഷാദത്തെ മറികടക്കാന്‍ സഹായിച്ചത്' കെ.വി.തോമസ് വിശദീകരിച്ചു.
പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനമാണ് എറണാകുളം എം.പി.യുടെ ഇഷ്ടഗാനം. ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങളുടെയും നാടകഗാനങ്ങളുടെയും കടുത്ത ആരാധകന്‍ കൂടിയാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു.