• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌റ്റെര്‍ലിംഗ്‌ സീ ഫുഡ്‌ സ്ഥാപകന്‍ തോമസ്‌ പി. ജോര്‍ജ്‌ നിര്യാതനായി

വ്യവസായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ തോമസ്‌ പി. ജോര്‍ജ്‌ (രാജു 71) ഓള്‍ഡ്‌ ടാപ്പനിലെ വസതിയില്‍ നിര്യാതനായി. സ്‌റ്റെര്‍ലിംഗ്‌ സീ ഫുഡ്‌ കോര്‍പറേഷന്‍ സ്ഥാപകരിലൊരാളാണ്‌ ഇദ്ദേഹം.

മാരാമണ്‍ പരപ്പുഴപരേതരായ ജോര്‍ജിന്റെയും തങ്കമ്മയുടെയും പുത്രനാണ്‌. വിദ്യാഭ്യാസത്തിനു ശേഷം കോത്താരി ആന്‍ഡ്‌ സണ്‍സ്‌ എസ്‌റ്റേറ്റില്‍ ഫീല്‍ഡ്‌ ഓഫീസറായിരിക്കെയാണ്‌ 1975ല്‍ ഇമ്മിഗ്രന്റായി എത്തുന്നത്‌. തുടര്‍ന്ന്‌ പ്രിഫേര്‍ഡ്‌ ഫ്രീസര്‍ എന്ന കമ്പനിയില്‍ കണ്‍ട്രോളറായി. പിന്നീട്‌ പാര്‍ട്‌ണറും.

1990ല്‍ സഹോദരന്‍ സൈമണ്‍ ജോര്‍ജുമൊത്ത്‌ സ്‌റ്റെര്‍ലിംഗ്‌ സീ ഫുഡ്‌സ്‌ സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനുള്ളില്‍ കമ്പനി വന്‍ വളര്‍ച്ച നേടി. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കയ്യയച്ചു സഹായിക്കുന്നതിനു ഒരിക്കലും മടികാണിച്ചിരുന്നില്ല ഇദ്ദേഹം. ടീനെക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ അംഗമാണ്‌.

കുറേ കാലമായി മൂത്ത പുത്രി ക്രിസ്റ്റീന ജോണും സഹോദരന്‍ സൈമണുമാണു സ്‌റ്റെര്‍ലിംഗ്‌ സീ ഫുഡ്‌സിനെ നയിക്കുന്നത്‌.

റാന്നി ചാലുങ്കല്‍ കുടുംബാംഗം ഏലിയാമ്മ ജോര്‍ജ്‌ (അമ്മിണി) ആണു സഹധര്‍മ്മിണി. ജെയ്‌സന്‍ ജോണ്‍ പുത്രീ ഭര്‍ത്താവാണ്‌. കൊച്ചുമക്കള്‍: ആന്‍ഡ്രു, അലക്‌സ, ഇവ.

സഹോദരന്‍മാരില്‍ ജോര്‍ജ്‌ മാത്യു (അച്ചന്‍ കുഞ്ഞ്‌) നേരത്തെ മരിച്ചു. മറ്റുള്ളവര്‍ അമേരിക്കയിലുണ്ട്‌. നാടകാചാര്യന്‍ പി.ടി. ചാക്കോയുടെ (മലേഷ്യ) പത്‌നി മോളി ചാക്കോ, കോഴഞ്ചേരി ഹൈസ്‌കൂള്‍ അധ്യാപിക ആയിരുന്ന അന്നമ്മ സാമുവല്‍ (ശാന്തമ്മ), അമേരിക്കയിലെ വോളീബോള്‍ മല്‍സരങ്ങളിലെ പ്രധാനിയായ സൈമണ്‍ ജോര്‍ജ്‌ (തമ്പു), ജോര്‍ജ്‌ വര്‍ഗീസ്‌ (ജോയി) എന്നിവരാണു മറ്റു സഹോദരര്‍.

പൊതുദര്‍ശനം: ജനുവരി 5 ഞായര്‍: ഒരു മണി മുതല്‍ 4 വരെ: Volk Leber Funeral Home, Teaneck; 6 മുതല്‍ 9 വരെ: സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌, 70 സീഡര്‍ ലെയ്‌ന്‍, ടീനെക്ക്‌, ന്യു ജെഴ്‌സി07666. സംസ്‌കാര ശുശ്രൂഷ: ജനുവരി 6 തിങ്കള്‍: സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌

Top