തിരുവനന്തപുരം: കഥാകൃത്ത് എസ്. ഹരീഷിന്റെ 'മീശ' നോവലിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ കഥാകൃത്ത് എസ്.ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിഷിനെ അനുകൂലിച്ച് പോസ്റ്റിട്ടതിനെതിരെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അസഹിഷ്ണുത ആളിക്കത്തുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും തളച്ചിടാമെന്ന് ആരും കരുതരുത്. നിങ്ങള്‍ക്കെതിരെ ശബ്‌ദിക്കുമ്ബോള്‍ മരണം പിന്നിലുണ്ടെന്ന് അറിയാം. എങ്കിലും നിങ്ങളുടെ തോക്കുകളെ ഞങ്ങള്‍ ഭയപ്പെടില്ല. മരണം എന്നാലായാലും ഉണ്ടാകും. പക്ഷേ അതൊരിക്കലും അപകടമരണമാകില്ലെന്നും ബേബി പറഞ്ഞു. നിര്‍മാല്യത്തില്‍ എം.ടിയും ചിന്താവിഷ്ടയായ സീതയില്‍ കുമാരനാശാനും, പ്രേമസംഗീതത്തില്‍ ഉള്ളൂരും കാണിച്ച ധൈര്യം ഉള്‍ക്കൊണ്ടുകൊണ്ട് ഭീഷണികളോട് മീശ പിരിക്കാന്‍ ഹരീഷിനാകണമെന്നും ബേബി പറഞ്ഞു.
ചെലവൂര്‍ വേണു അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കവിത ലങ്കേഷ്, ഡോ. ബിജു, ബീനപോള്‍, സജിത മഠത്തില്‍, സി.എസ്.വെങ്കിടേശ്വരന്‍, വി.കെ.ജോസഫ് തുടങ്ങി സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്തു.