ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. എപ്രില്‍ നാലിന് മാത്രം ലഭിച്ചത് 149 പത്രികകളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ദേശീയശ്രദ്ധ നേടിയ വയനാട്ടില്‍ അദ്ദേഹത്തിനെതിരെ മൂന്ന് 'ഗാന്ധി'നാമധാരികളാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചപ്പോള്‍ കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രന്), രാഹുല്‍ ഗാന്ധി കെ.യു (സ്വതന്ത്രന്), രാഗുല്‍ ഗാന്ധി കെ. (അഖില ഇന്ത്യ മക്കള്‍ ഘടകം) എന്നിവരാണ് ഗാന്ധിയുടെ പേരുമായി പത്രിക നല്‍കിയത്.
ആറ്റിങ്ങലില്‍ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയില്‍ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒന്‍പത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടുവീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴ് വീതവും തൃശൂരില്‍ ആറും കാസര്‍കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലുവീതവും പത്രികകളില്‍ വ്യാഴാഴ്ച ലഭിച്ചത്. വ്യാഴാഴ്ച എറണാകുളത്ത് ട്രാന്‍സ്ജെന്‍ഡറായ അശ്വതി രജനപ്പനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് 23 വീതം. ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയില്‍ ഒന്‍പത് പത്രികകളാണ് ലഭിച്ചത്.
മറ്റു മണ്ഡലങ്ങളില്‍ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട്ട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരില്‍ 17 ഉം, ചാലക്കുടിയില്‍ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസര്‍കോട്ടും 11 വീതവും, ആലത്തൂരില്‍ 10 ഉം പത്രികകള്‍ ലഭിച്ചു.