തൃശൂര്‍: കൊരട്ടി സെന്റ്‌മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത നിയോഗിച്ച വൈദികനെ വിശ്വാസികള്‍ തടഞ്ഞുവച്ചു. രൂപത നിയോഗിച്ച ഫാ. ജോസഫ് തെക്കിനിയത്തിനെയാണ് വിശ്വാസികള്‍ പത്തുമണിക്കൂറോളം തടഞ്ഞുവച്ചത്. പള്ളിയിലെ കാര്യങ്ങള്‍ നോക്കാനായി താത്കാലികമായി നിയോഗിച്ച പ്രീസ്റ്റ് ഇന്‍ ചാര്‍ജിനെയാണ് വിശ്വാസികള്‍ തടഞ്ഞത്. ഞായറാഴ്ച രാവിലെ 5.30നുള്ള ദിവ്യബലി അര്‍പ്പിച്ച വൈദികനെ തുടര്‍ന്നുള്ള ദിവ്യബലികള്‍ അര്‍പ്പിക്കാന്‍ വിശ്വാസികള്‍ സമ്മതിച്ചില്ല.
പള്ളിയിലെ സാമ്ബത്തിക തിരിമറികള്‍ നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നും പള്ളിക്ക് നഷ്ടപ്പെട്ട പണവും സ്വര്‍ണവും തിരികെ നല്കണമെന്നുംമറ്റും ആവശ്യപ്പെട്ട് വിശ്വാസികള്‍ ബിഷപ്പിന് നേരത്തേ കത്ത് നല്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന് തീരുമാനം ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും നടപടി ആകാത്തതില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ അരമന നിയോഗിച്ച വൈദികനെ തടഞ്ഞുവച്ചത്. ഈ വൈദികന്റെ സാന്നിധ്യത്തില്‍ നടത്തേണ്ടിയിരുന്ന ഒമ്ബതംഗ കമ്മിറ്റി തെരഞ്ഞെടുപ്പും ഞായറാഴ്ച നടന്നില്ല.
പള്ളിയില്‍ വികാരി ഇല്ലാതായതോടെ ഫൊറോന പള്ളിയിലേയും ഇതിന്റെ കീഴിലുള്ള മറ്റു പള്ളികളിലേയും ഫൊറോനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. പള്ളിയുടെ കീഴിലുള്ള ദേവമാത ആശുപത്രിയുടെയും എം.എ.എം.എച്ച്.എസ്. സ്‌കൂളിലെ കെട്ടിട നിര്‍മാണവും സ്തംഭനാവസ്ഥയിലാണിപ്പോള്‍. ആശുപത്രിയിലെ മരുന്ന് വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിലെ നടപടി ക്രമങ്ങള്‍ ചെയ്യേണ്ട ചുമതല വികാരിക്കാണ്. എന്നാല്‍ വികാരി ഇല്ലാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. രണ്ടുദിവസത്തിനകം പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ഈ ആവശ്യം നടപ്പിലാക്കിയില്ലെങ്കില്‍ പള്ളിക്കു മുന്നില്‍ രാപകല്‍ സമരം സംഘടിപ്പിക്കാനാണ് വിശ്വാസികളുടെ നീക്കം. അതോടൊപ്പം നിയമപോരാട്ടത്തിനും ഒരുങ്ങുകയാണ് വിശ്വാസികള്‍.