തൃശൂര്‍: പൂരാവേശത്തില്‍ മുങ്ങി ശക്തന്റെ തട്ടകം. ഇന്നാണു പൂരങ്ങളുടെ പൂരം. ഇന്നലെ രാവിലെ പുരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റി കൊമ്ബന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു. പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കാനാണ് ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്‍പം. തലയെടുപ്പോടെയെത്തിയ കൊമ്ബനു വന്‍ സ്വീകരണം ലഭിച്ചു.
യുവതലമുറ 'മൊബൈല്‍ പൂര'മൊരുക്കിയാണു വരവേറ്റത്. അസംഖ്യം കൈകളില്‍ മൊബൈലുകള്‍ തുരുതുരാ മിന്നി. കൊമ്ബന്‍ തെക്കേഗോപുരം കടന്നെത്തിയതോടെ ജയാരവമുയര്‍ന്നു. ഒരുകാലത്തു ചെറിയ ചടങ്ങായിരുന്ന ഇതിന് ഇപ്പോള്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണ്.
ഒരാണ്ടിലെ കാത്തിരിപ്പുകള്‍ക്കു ഇന്നു വിരാമം. കരിവീരന്മാരുടെ ചങ്ങലക്കിലുക്കവും വരാനിരിക്കുന്ന വെടിക്കെട്ടിന്റെ രൗദ്രഭാവവും വര്‍ണം വാരിയെറിയുന്ന കുടമാറ്റവും നഗരത്തിലെങ്ങും ചര്‍ച്ച. മേള, താള വിസ്മയച്ചെപ്പുകള്‍ തുറക്കുന്നതു കാത്തിരിക്കുകയാണ് സകലരും. വാദ്യമാധുര്യവുമായി മഠത്തില്‍വരവ്, ഗ്രേറ്റ് സിംഫണിയാകുന്ന ഇലഞ്ഞിത്തറമേളം, വിസ്മയമൊരുക്കുന്ന കുടമാറ്റം എന്നിവയ്ക്കു ശേഷം രാത്രി ആകാശപ്പൂരവും കണ്ട് മടക്കം. ആവേശം മനംനിറയ്ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങളാണ് പൂരത്തെ ജനകീയമാക്കുന്നത്.
ഇന്നു രാവിലെ ഏഴരയ്ക്ക് വെയില്‍ പരക്കും മുമ്ബ് കണിമംഗലം ശാസ്താവ് എഴുന്നെള്ളിയെത്തും. അതോടെ ഔപചാരിക വിളംബരമാകും. രാവിലെ 11.30 ന് നടുവില്‍മഠത്തില്‍ കോങ്ങാട്മധു തിമിലയില്‍ ആദ്യപെരുക്കമിടുമ്ബോള്‍ തിരുവമ്ബാടിയുടെ മധുരനാദ്യമായി മഠത്തില്‍വരവിനു തുടക്കം. പഴയനടക്കാവില്‍ വാദ്യലഹരിയുടെ ഗോപുരം കൊട്ടിത്തീര്‍ക്കും. അതില്‍ കയറി രസച്ചരടിലാടാന്‍ ജനം തിരക്കുകൂട്ടും. കൊമ്ബന്‍ ചന്ദ്രശേഖരന്‍ കോലമേന്തും.
ഉച്ചയ്ക്ക് 12ന് പാറമേക്കാവിലമ്മയുടെ ഗംഭീരമായ കൂട്ടിനിരപ്പ്. കൊമ്ബന്‍ ശ്രീ പദ്മനാഭന്‍ തിടമ്ബേറ്റും. പെരുവനം കുട്ടന്‍മാരാര്‍ തുടര്‍ച്ചയായി 20 ാം വര്‍ഷം പ്രമാണിയാകുന്ന ഇലഞ്ഞിത്തറമേളത്തില്‍ 300 ഓളം പേര്‍ ചെണ്ടക്കോലുരുട്ടും. ഉച്ചയ്ക്കു രണ്ടിനു വടക്കുംനാഥക്ഷേത്രത്തിലാണ് ഇലഞ്ഞിത്തറമേളം.
ഇക്കുറി ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പ്രത്യേക റാമ്ബ് ഒരുക്കുന്നുണ്ട്. തെക്കോട്ടിറക്കത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ ഒന്നരമണിക്കൂര്‍ നീളുന്ന കുടമാറ്റം. ലോകത്തെ അതി മനോഹരദൃശ്യങ്ങളിലൊന്നായി യുനെസ്‌കോ രേഖപ്പെടുത്തിയ തൃശൂര്‍പൂരം ഒപ്പിയെടുക്കാന്‍ വിദേശ ചാനലുകളടക്കം സജ്ജം. രണ്ടേകാല്‍നൂറ്റാണ്ടുകള്‍ക്കു മുമ്ബ് ശക്തന്‍ തമ്ബുരാന്‍ തുടക്കമിട്ട ആചാരപ്പെരുമകളുടെ ഇഴയടുപ്പം ചോരാതെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് പൂരമഹിമ. കണിമംഗലം ശാസ്താവിനു പുറമേ ലാലൂര്‍ ഭഗവതി, അയ്യന്തോള്‍
കാര്‍ത്ത്യായനി ഭഗവതി, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി, ചെമ്ബുക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കാട്ടുകര ഭഗവതി, കാരമുക്ക് ഭഗവതി എന്നിവരും എഴുന്നള്ളിയെത്തും. ഇന്നലെ ചമയപ്രദര്‍ശനത്തിലൂടെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ വര്‍ണപ്പൂക്കുട നിവര്‍ത്തി.
തെക്കോട്ടിറക്കം കാണാന്‍ ഇക്കുറിയും സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കും. രാത്രിയില്‍ രാവിലത്തെ ചടങ്ങുകളുടെ ആവര്‍ത്തനം. പുലര്‍ച്ചെ മൂന്നുമണിക്കു വെടിമരുന്നിനു തീയിടും. നാളെ വീട്ടമ്മമാരുടെ പൂരമാണ്. രാവിലെ തിരുവമ്ബാടി, പാമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു പാണ്ടിമേളത്തോടെയെത്തും. ഉച്ചയ്ക്ക് 12 ന് ഉപചാരം പറഞ്ഞു പിരിയും. പൂരത്തിനായി 95 ഓളം കൊമ്ബന്മാര്‍ നഗരത്തിലെത്തി. കര്‍ശനസുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ആനകള്‍ക്ക് വി.ഐ.പി പരിഗണനയാണ്. നഗരത്തിന്റെ മുക്കുംമൂലയുമടക്കം കാമറക്കണ്ണുകളിലാണ്.