തൃശൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ക്കുമപ്പുറത്ത് മനംനിറച്ച അനുഭുതിയായി സാമ്പിള്‍വെടിക്കെട്ട് തീ തുപ്പി. ശബ്ദം കുറച്ച് വര്‍ണവിന്യാസമാക്കിയാണ് വെടിക്കെട്ട് ഒരുക്കിയത്. തേക്കിന്‍കാടിന്റെ മാനത്ത് ഇന്നലെ സന്ധ്യയ്ക്ക് ആകാശപ്പൂരത്തിന്റെ കരുത്തറിയിച്ച സാമ്പിള്‍ അഗ്നിക്കീറുകളുടെ വിസ്മയലോകം വരച്ചിട്ടു. ദൃശ്യമനോഹാരിതയുമായെത്തിയ അമിട്ടുകള്‍ ആകാശക്കുട ചൂടി നിന്നു. വരാനിരിക്കുന്ന പൂരംവെടിക്കെട്ട് മോശമാകില്ലെന്ന സൂചനയാണ് സാമ്പിള്‍ നല്‍കിയത്.
പാറമേക്കാവ് വിഭാഗമാണ് ആദ്യം സാമ്പിളിനു തിരി പകര്‍ന്നത്. പരിശോധനകളെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് തുടക്കം. അഗ്നിപ്പൂക്കളുടെ വിസ്മയനടനം കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ജനാവലിയെത്തി. പാറമേക്കാവ് നാലര മിനിറ്റും തിരുവമ്പാടി മൂന്നരമിനിറ്റുമെടുത്ത് സാമ്പിള്‍ കൂട്ടിത്തട്ടി. തുടര്‍ന്ന് അമിട്ടുകള്‍ മുഖം കാട്ടി.
പാറമേക്കാവിന്റെ വെടിക്കെട്ടിനു വടക്കാഞ്ചേരി കാഞ്ഞിരക്കോട് ശ്രീനിവാസനാണ് പ്രമാണി. തിരുവമ്പാടി വിഭാഗത്തിനു കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിലെ പിഎംസജി അമരക്കാരനായി. കാണികളെ സ്വരാജ്‌റൗണ്ടില്‍ പോലീസ് വടംകെട്ടി നിയന്ത്രിച്ചു. ജനത്തെ ഒഴിവാക്കിയ പോലീസ് നടപടിയില്‍ പ്രതിഷേധമുയര്‍ന്നു. മുഖ്യവെടിക്കെട്ടു കാണാന്‍ കൂടുതല്‍ സൗകര്യമുണ്ടാക്കാനുള്ള ശ്രമം ഊര്‍ജിതമാണ്.
അതിനിടെ ജില്ലാ ആശുപത്രി പരിസരത്ത് ഗുണ്ടു നിലത്തുവീഴുന്നതിനിടെ കല്ലുകള്‍ തെറിച്ച് രണ്ടുപേര്‍ക്കു നിസാര പരുക്കേറ്റു. ഇവര്‍ക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. വര്‍ണനീരാട്ടില്‍ നഗരത്തെ മുക്കിയ പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഹൃദ്യമായി. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങിയ പ്രദര്‍ശനം രാത്രി ഏറെ നീണ്ടു. ഇന്നും തുടരും. തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം ഇന്നു രാവിലെ 10 നു തുടങ്ങുന്നതോടെ സ്വരാജ്‌റൗണ്ടിലെമ്പാടും ജനക്കൂട്ടത്തിന്റെ ഒഴുക്കാകും.
ഇന്നു രാവിലെ 11 ന് നെയ്തലക്കാവിലമ്മ കൊമ്പന്‍ തെച്ചിക്കോട്ടുരാമചന്ദ്രന്റെ ശിരസില്‍ തിടമ്പേറ്റിയെത്തി തെക്കേഗോപുരനട തള്ളിത്തുറക്കുന്നതോടെ പൂരച്ചടങ്ങുകള്‍ തുടങ്ങും. നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തുന്നതോടെ പൂരാവേശത്തിനു തുടക്കമാകും. പൂരത്തിനു പുറമേ ശിവരാത്രിക്കു മാത്രമാണ് ഈ നട തുറക്കുക. പൂരത്തിനു കര്‍ശനമായ സുരക്ഷയാണ് ഒരുക്കുന്നത്. 3000 പോലീസുകാരെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. സിസിടിവി കാമറകള്‍ നഗരത്തിലെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുക്കും. ഹൈടെക് പോലീസ് കണ്‍ട്രോള്‍റൂമും സുസജ്ജം.
ഇന്നലെ സ്വരാജ്‌റൗണ്ടിലെ പൂരപ്പന്തലുകളില്‍ വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നു. ഇന്ന് വൈകീട്ട് നൂറോളം ആനകള്‍ തേക്കിന്‍കാടിനു ചുറ്റും അണിനിരക്കും. ആനകളെ തേക്കിന്‍കാട്ടില്‍ കുളിച്ചൊരുക്കുന്നതു നേരില്‍ കാണാന്‍ ആനപ്രേമികളുമെത്തും.
കോറ തെറിച്ചു ഏഴുപേര്‍ക്ക് പരുക്ക്
തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ ഗുണ്ടിന്റെ കോറ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് നേരിയ പൊള്ളലേറ്റു. നാലുപേര്‍ക്ക് കല്ലു തെറിച്ചു നിസാരപരുക്കേറ്റു. ഇന്നലെ ജില്ലാ ആശുപത്രിക്കു സമീപമാണ് സംഭവം. മണ്ണുത്തി സ്വദേശി പോളി (48), തമിഴ്‌നാട് ഒട്ടന്‍ചിത്ര തിരുമല സ്വാമി (68), മലപ്പുറം തിരൂര്‍ ഹംസ(52), മലപ്പുറം തിരൂര്‍ കടവത്തു വീട്ടില്‍ ഷാഹുല്‍ ഹമീദ് (42), പൂങ്കുന്നം സ്വദേശി പള്ളിത്താഴത്തു ഹംസ (40), തമിഴ്‌നാട് സ്വദേശി മുരുഗവേലന്‍ (42), ചാവക്കാട് പുതുവീട്ടില്‍ ഹസനാര്‍ (40) എന്നിവര്‍ക്കാണ് പരുക്ക്.
കര്‍ശന പോലീസ് സുരക്ഷ; സാമ്പിള്‍വെടിക്കെട്ട് ആസ്വദിക്കാന്‍ തടസം
കര്‍ശനസുരക്ഷയുടെ പേരില്‍ തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ആസ്വദിക്കുന്നതില്‍ നിന്നു ജനത്തെ പോലീസ് അകറ്റിയെന്നു പരാതി. വെടിക്കെട്ട് മാനത്തു പൊട്ടിവിരിയുന്നതു കണ്ട് ആശ്വസിക്കേണ്ട അവസ്ഥയായിരുന്നു പലര്‍ക്കും. ഫിനിഷിംഗ് പോയന്റില്‍ നിന്നു 100 മീറ്റര്‍ അകലെ ജനത്തെ നിര്‍ത്താറുണ്ടെങ്കിലും മൊത്തം സ്വരാജ് റൗണ്ട് അടച്ചുകെട്ടുന്നത് ആദ്യമാണ്.
ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നു പറഞ്ഞു പോലീസ് ഉന്നതര്‍ കൈമലര്‍ത്തി. സാമ്പിള്‍വെടിക്കെട്ടിനു പരിശോധന നടത്തുന്നതിന്റെ പേരില്‍ പോലീസ് നടത്തിയ നീക്കങ്ങളും അതൃപ്തിയുണ്ടാക്കി. അതേസമയം എല്ലാ തടസങ്ങളുമൊഴിവാക്കി വര്‍ണവിസ്മയത്തിനു തീക്കൂട്ടൊരുക്കാന്‍ ദേവസ്വങ്ങള്‍ പൂര്‍ണമായി സഹകരിച്ചു.
സുരക്ഷയുടെ പേരുപറഞ്ഞ് ജനത്തെ ഒഴിപ്പിച്ചു നിര്‍ത്തുകയെന്നതാണ് പോലീസ് ഉന്നമിടുന്നതെന്ന് പരാതിയുണ്ട്. വെടിക്കെട്ടില്‍ നിന്നു 100 മീറ്റര്‍ അകലം പാലിച്ചാലും മണികണ്ഠനാല്‍ പന്തല്‍വരെയേ എത്തുവെന്ന് വെടിക്കെട്ടു പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് മണികണ്ഠനാല്‍ മുതല്‍ സി.എം.എസ് സ്‌കൂള്‍ വരെയുള്ള ഭാഗത്താണ് നിയന്ത്രണമുണ്ടായിരുന്നത്. ഓരോ വര്‍ഷവും ഒഴിച്ചിടുന്ന സ്ഥലത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. സ്വരാജ്‌റൗണ്ടിന്റെ മുക്കാല്‍പങ്കു സ്ഥലവും'ഒഴിച്ചിടല്‍' മേഖലയായി.
പൂരത്തിന്റെ തെക്കോട്ടിറക്കത്തിനു വന്‍ജനക്കൂട്ടമെത്തുന്നതു തടയാനും പോലീസ് ശ്രമിച്ചെന്നു പരാതിയുണ്ട്. തെക്കേഗോപുരനടയെ നാലു ചതുരങ്ങളാക്കി തിരിച്ച് വടം കെട്ടിനിര്‍ത്താനാണ് ശ്രമിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നു വന്‍പ്രതിഷേധമുയര്‍ന്നതോടെ അതില്‍ നിന്നു പിന്തിരിഞ്ഞു. അതിനിടെയാണ് വെടിക്കെട്ടുനിയന്ത്രണത്തിന്റെ പേരിലുള്ള നടപടി. അതേസമയം വെടിക്കെട്ടു നടക്കുന്നതിന്റെ നൂറുമീറ്റര്‍ പരിധിയില്‍ പെട്രോള്‍ബങ്കുകള്‍ തുറന്നുവെക്കരുത് എന്ന നിര്‍ദേശം നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ല. ബങ്കുകളില്‍ നിന്നു പെട്രോള്‍ പൂര്‍ണമായും ഒഴിവാക്കിയിടണമെന്നാണ് ചട്ടത്തിലുള്ളത്. അക്കാര്യത്തില്‍ ഒരു നടപടിയുമില്ല.