വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സിപി ജലീല്‍. പുലര്‍ച്ചെ വരെയും തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെപ്പ് തുടര്‍ന്നു. വൈത്തിരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ ചിലര്‍ പ്രദേശത്ത് തന്നെ ഉണ്ടെന്ന നിഗമനവും പൊലീസിനുണ്ട്. സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഐജി, ജില്ല കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ റിസോട്ടിലെത്തിയിട്ടുണ്ട്.
വൈത്തിരിയില്‍ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു. കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് എസ്‌പി ആര്‍ കറുപ്പ് സ്വമി, ജില്ല കളക്ടര്‍ സി കെ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകള്‍ 15 മിനിറ്റോളം റിസോര്‍ട്ടില്‍ തുടര്‍ന്നു, നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് റിസോര്‍ട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും തിരികെ വെടിയുതിര്‍ക്കുകയും റിസോര്‍ട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്‌തു. തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ പലതവണ വെടിവെപ്പുമുണ്ടായി.