തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു രാത്രി എട്ടു വരെ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇലക്ട്രിക് ഉപകരണങ്ങളെല്ലാം ഓഫ് ചെയ്യണം. മരങ്ങളുടെ അടിയിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ മലപ്പുറത്ത് കാളികാവ് മൂച്ചിക്കലിൽ ഫർണിച്ചർ കട മിന്നലിൽ കത്തിനശിച്ചു.
മേയ് അഞ്ചിനു രാവിലെ വരെ കേരളത്തിൽ ഒന്നോ രണ്ടോയിടങ്ങളിൽ കനത്ത മഴയുണ്ടാകും. ഇവിടങ്ങളിൽ 24 മണിക്കൂറിനകം ഏഴു മുതൽ 11 സെന്റി മീറ്റർ വരെ മഴയാണു ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുണ്ടാകും. വെള്ളിയാഴ്ച രാത്രി ഒൻപതു വരെയുള്ള മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത്. ചേർത്തല, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലും ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കാമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.