ചെക്ക് കേസില്‍ അജ്‌മാനില്‍ അറസ്റ്റിലായ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. പാസ്‌പോര്‍ട്ടും 10 ലക്ഷം ദിര്‍ഹവും ജാമ്യത്തിനായി കെട്ടിവച്ചു. എന്നാല്‍, കേസ് നടപടികള്‍ അവസാനിക്കും വരെ തുഷാറിന് യു എ ഇ വിട്ടുപോകാനാകില്ല. എം എ യൂസഫലിയാണ് ജാമ്യത്തുക കെട്ടിവെച്ചത്.
തുഷാറിനെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ജാമ്യത്തിനായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ എം എ യൂസഫലിയും ഇടപെട്ടിരുന്നു.
ബിസിനസ് പങ്കാളിക്ക് പത്ത് ദശലക്ഷം യു എ ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് തുഷാറിനെതിരായ കേസ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയാണ് പരാതി നല്‍കിയത്. പണം നല്‍കാമെന്ന് തുഷാര്‍ പല തവണ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പറയുന്നു. ഒടുവില്‍ യു എ ഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അജ്‌മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു