ശബരിമലയില്‍ രാത്രിയില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍ നല്‍കുമെന്നും ഇൗ നമ്ബറില്‍ വിളിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.
ശബരിമലയിലെത്താന്‍ എണ്ണൂറിലധികം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയിലേക്ക് ചില സംഘടനകള്‍ നുഴഞ്ഞു കയറുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. സുരക്ഷക്കായി കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
9497990033 എന്ന നമ്ബറില്‍ വിളിച്ചാല്‍ ആവശ്യമുള്ളവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പത്തനംതിട്ട ഡിവൈഎസ്‍പിയുടെ ഓഫീസും അറിയിച്ചു. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.
അതേസമയം, ശബരിമല മേഖലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിറക്കി.