• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ കണ്‍വന്‍ഷന്‍ വേദിയില്‍ ടൈം കീപ്പേഴ്‌സ് ഡോ. ജേക്കബ് തോമസും ടീമും

ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ റിനൈന്‍സന്‍സ് ഹോട്ടല്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന 7-മത് ഫോമാ ഇന്റര്‍നാഷ്ണല്‍ ഫാമിലി കണ്‍വന്‍ഷന്‍ വേദിയില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ സമയനിഷ്ഠ പാലിക്കുന്നതിനു വേണ്ടി, ഡോ.ജേക്കബ് തോമസ് ചെയര്‍മാനായി ടൈം കീപ്പിങ്ങ് ആന്റ് സ്റ്റേജ് മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വന്നു. യോഹന്നാന്‍ ശങ്കരത്തില്‍(കോ-ചെയര്‍), മാണി ചാക്കോ, വര്‍ഗീസ് ജോസഫ്, സെബാസ്റ്റ്യന്‍ ആന്റണി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഫോമാ കണ്‍വന്‍ഷന്റെ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മുഴുവന്‍ സമയവും വിവിധ സ്‌റ്റേജുകളിലായി പല തരത്തിലുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, മത്സരങ്ങള്‍ കലാപരിപാടികള്‍ എല്ലാം അരങ്ങേറും. രാത്രി പത്തരയോടുകൂടി അതാതു ദിവസങ്ങളിലെ പരിപാടികള്‍ സമാപിക്കേണ്ടതുണ്ട്. അതുകൊണ്ട് ഓരോ പരിപാടിക്കും നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ അത് അവതരിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ടൈം കീപ്പിങ്ങ് ആന്റ് സ്റ്റേജ് മാനേജ്‌മെന്റ് കമ്മറ്റിയുടെ ഉത്തരവാദിത്വമാണ്.

വിവിധ സബ്കമ്മറ്റികളുടെ ചെയര്‍മാന്‍മാരുമായി സഹകരിച്ചുകൊണ്ട് ഓരോ പരിപാടിയും കൃത്യസമയത്തില്‍ ആരംഭിക്കുകയും, അതുപോലെ അവസാനിക്കുകയും ചെയ്യണം. പരിപാടികളുടെ ബാഹുല്യം മൂലം ടൈം കീപ്പിങ്ങ് വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍ എല്ലാവരുടേയും സഹകരണം കൊണ്ട് തങ്ങളുടെ ജോലിയില്‍ വിജയിക്കാന്‍ കഴിയുമെന്ന് ടൈം കീപ്പിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ് പറഞ്ഞു.

ഫോമയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്വമുള്ളതും, മികച്ചതുമായ കണ്‍വന്‍ഷനാണ് ചിക്കാഗോയില്‍ നടക്കുക. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോ.സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ.ട്രഷറര്‍ ജോമോന്‍ കളപ്പുരക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കുളം, എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം കൂടിയായിരിക്കും ചിക്കാഗോ കണ്‍വന്‍ഷന്‍.

Top