പാലക്കാട്: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ രണ്ട് മക്കളോടൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുന്‍ കമ്ബനി സെക്രട്ടറി വി. ശശീന്ദ്രെന്റ ഭാര്യ ടീന (51) കോയമ്ബത്തൂരിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചു. വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്ന് മൂന്നുദിവസം മുമ്ബാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവിെന്റയും മക്കളുടെയും മരണശേഷം ഇവര്‍ മാതാപിതാക്കളോടൊത്ത് കോയമ്ബത്തൂരിലായിരുന്നു താമസം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. എറണാകുളത്തുവെച്ചാണ് രോഗം മൂര്‍ച്ഛിച്ചത്. കഴിഞ്ഞദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കോവൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇരു വൃക്കകളും തകരാറിലാകുകയും തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ച മരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: പ്രേമകുമാരി. പിതാവ്: ബാലന്‍. സഹോദരന്‍: രാജേഷ്. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 12ന് കോയമ്ബത്തൂര്‍ പോത്തന്നൂര്‍ ശ്മശാനത്തില്‍ സംസ്കരിക്കും.
മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ടീനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് അവര്‍ ആരോപിച്ചു. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജോയ് കൈതാരവും പറഞ്ഞു. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തുമ്ബോഴാണ് ടീനയുടെ മരണം. മരണത്തില്‍ അന്വേഷണം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
നോവുന്ന ഒാര്‍മയായി ശശീന്ദ്രെന്റ കുടുംബം; വിവാദമൊഴിയാതെ മലബാര്‍ സിമന്‍റ്സ്
പാലക്കാട്: 2011 ജനുവരി 24നാണ് മലബാര്‍ സിമന്‍റ്സ് കമ്ബനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട്ടെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വന്‍ വിവാദമായതോടെ സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാമായിരുന്ന ശശീന്ദ്രന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു.
സിമന്‍റ്സിലെ കരാറുകാരനും വ്യവസായിയുമായ വി.എം. രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. പ്രതിയായ രാധാകൃഷ്ണനില്‍നിന്നുള്ള സമ്മര്‍ദം താങ്ങാനാകാതെയാണ് ശശീന്ദ്രന്‍ കുട്ടികളോടൊത്ത് ആത്മഹത്യ ചെയ്തതെന്ന് സി.ബി.ഐ കണ്ടെത്തി. തുടര്‍ന്ന്, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി 2013ല്‍ വി.എം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. രണ്ടുതവണ മടക്കിയ കുറ്റപത്രം 2014ല്‍ സി.ബി.ഐ കോടതി സ്വീകരിച്ചു. സംഭവത്തില്‍ പുനരന്വേഷണമാവശ്യപ്പെട്ട് 2015ല്‍ സഹോദരന്‍ സനല്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചു.
കഴിഞ്ഞമാസമാണ് കേസ് വീണ്ടും സജീവമായത്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ ഹൈകോടതിയില്‍നിന്ന് കാണാതായ വിഷയത്തില്‍ കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. രേഖകള്‍ നഷ്ടപ്പെട്ടത് ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ഹൈകോടതി വിജിലന്‍സ് വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ശശീന്ദ്രെന്റ പിതാവ് കെ. വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയ് കൈതാരവും സമര്‍പ്പിച്ച നിര്‍ണായകമായ 20ലേറെ രേഖകളാണ് നഷ്ടപ്പെട്ടത്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട 13 കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏഴ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. ഭാര്യ കൂടി മരിച്ചതോടെ നോവുന്ന ഒാര്‍മയാവുകയാണ് ശശീന്ദ്രെന്റ കുടുംബം.