തൂത്തുക്കുടി: ഏറെ പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കമ്ബനിയുടെ ചെമ്ബ് സംസ്‌കരണശാല അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഈ മേഖലയിലെ സമരക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പൊതുജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള തീരുമാനമാണിതെന്നായിരുന്നു മുഖ്യമന്ത്രി ഇ.പളനിസ്വാമി വാദം. മുമ്ബ് തൂത്തുക്കുടിയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താതെ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്.
തൂത്തുക്കുടി സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കളക്ടര്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഫാക്ടറി പൂട്ടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നുമായിരുന്നു സമരക്കാരുടെ ആരോപണം. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്. സര്‍ക്കാരും മലിനീകരണനിയന്ത്രണ ബോര്‍ഡും മുറവിളികള്‍ക്കുനേരെ മുഖംതിരിക്കുകയാണ്. തങ്ങളെ കള്ളക്കേസില്‍ കുടുക്കി ഒതുക്കാനും ശ്രമിക്കുന്നുണ്ട്- സമരക്കാര്‍ ആരോപിച്ചു.