• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ടോം ജോസും കുറ്റ വിമുക്തന്‍! രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന പരിപാടി തുടര്‍ന്ന് വിജിലന്‍സ്; ജേക്കബ് തോമസ് തുടങ്ങി വച്ചതെല്ലാം ഇല്ലാതാക്കി വിജിലന്‍സിന്റെ മാനം കെടുത്തി സര്‍ക്കാര്‍

മൂവാറ്റുപുഴ: വിജിലന്‍സിന് പുതിയ മുഖം നല്‍കിയത് ഡിജിപിയായ ജേക്കബ് തോമസായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ കേസുകളുടെ ഒഴുക്കായിരുന്നു വിജിലന്‍സിലേക്ക്. ഇന്ന് അതെല്ലാം പഴംങ്കഥ. അവിടെ നിന്നും നീതികിട്ടില്ലെന്ന് പൊതു ജനം ഉറപ്പിക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കുറ്റവിമുക്തി റിപ്പോര്‍ട്ട് മാത്രമേ വിജിലന്‍സ് നല്‍കാറുള്ളൂ. അങ്ങനെ വിജിലന്‍സിനെ മാനം കെടുത്തുകയാണ് അന്വേഷണങ്ങള്‍.

തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്തു സമ്ബാദനക്കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു. അനധികൃത സ്വത്തുക്കളില്ലെന്നു കണ്ടെത്തി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണു ടോം ജോസിനെതിരെ കേസ് എടുത്തത്. ജേക്കബ് തോമസ് മാറിയതോടെ കേസിന്റെ ഗതി തന്നെ മാറി. ടോം ജോസ് കുറ്റവിമുക്തനുമായി.

2010 മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ടോം ജോസ് 1.19 കോടി രൂപയുടെ അനധികൃത സ്വത്തു സമ്ബാദിച്ചെന്ന് ആരോപിക്കുന്ന എഫ്‌ഐആറാണു വിജിലന്‍സ് ഡിവൈഎസ്‌പി കെ.ആര്‍. വേണുഗോപാല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍, അനധികൃത സ്വത്തില്ലെന്നും കുടുംബ ആസ്തി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

ടോം ജോസിന്റെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്ബലത്തെ വാടക ഫ്‌ളാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട് എന്നിവിടങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 170 രേഖകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചില്ലെന്നാണു വിജിലന്‍സ് വ്യക്തമാക്കിയത്. ഭാര്യാപിതാവില്‍ നിന്നു ടോം ജോസിന്റെ മകനു ലഭിച്ച പണം പിന്നീടു ടോം ജോസിനു നല്‍കിയെന്നും ഇത് അനധികൃത സ്വത്തായി കാണാനാവില്ലെന്നും വിജിലന്‍സ് വാദിച്ചു.

ആ പണത്തിന്റെ കണക്കു സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണു കേസ് അവസാനിപ്പിച്ചത്. ഇതോടെ ഭാവിയില്‍ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയാണ് ടോം ജോസിന് മുമ്ബില്‍ തുറക്കുന്നത്.

Top